'സോണിയ ഗാന്ധിയെക്കുറിച്ച് യഥാര്‍ത്ഥ പുസ്തകം എഴുതും'; പ്രഖ്യാപനവുമായി ബിജെപി എം പി നിഷികാന്ത് ദുബെ

വിഷയങ്ങളുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് ശ്രമമെന്നും ദുബെ പറഞ്ഞു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെക്കുറിച്ച് യഥാര്‍ത്ഥ പുസ്തകം എഴുതുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പ്രഖ്യാപിച്ചു. മാരുതി കമ്പനിയുടെ ഉടമസ്ഥത, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കല്‍, വിവിധ രാഷ്ട്രീയ നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടങ്ങിയ വിവാദ വിഷയങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് ആരെയും ലക്ഷ്യമിട്ടുള്ള പുസ്തകമല്ലെന്നും വിഷയങ്ങളുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് ശ്രമമെന്നും ദുബെ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് ഉടന്‍ പ്രതികരിച്ചിട്ടില്ല.

എക്‌സ് പോസ്റ്റിലൂടെ സോണിയ ഗാന്ധിക്ക് 'മാരുതി'യുമായുള്ള ബന്ധമുണ്ടെന്ന് ആരോപിച്ച ദുബെ, വിദേശ പൗരയായിരുന്നിട്ടും അവര്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറും 50 ശതമാനം ഓഹരി ഉടമയുമായിരുന്നുവെന്ന് ആരോപിച്ചു. 1970 നവംബര്‍ 21ന് സഞ്ജയ് ഗാന്ധിയും സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട മാരുതി ടെക്‌നിക്കല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ കരാര്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഡയറക്ടറും ഓഹരി ഉടമയുമായി സോണിയ എങ്ങനെ മാറിയെന്നും സര്‍ക്കാര്‍ അനുമതികള്‍, ഭൂമി അനുവദിക്കല്‍, സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ചും അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചു. സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് വായ്പ നല്‍കുന്നതിനായാണ് ബാങ്കുകള്‍ ദേശസാത്കരിച്ചതെന്നും ദുബെ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ സ്വകാര്യ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിച്ചതും പ്രധാനമന്ത്രിയുടെ മുന്‍ സ്വകാര്യ സെക്രട്ടറിയെ കമ്പനിയുടെ ഡയറക്ടറായി നിയമിച്ചതും അദ്ദേഹം ചോദ്യം ചെയ്തു. ബസ് ബോഡി നിര്‍മാണത്തിനായി മാരുതിക്ക് സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൂര്‍ പണം നല്‍കിയെന്ന ആരോപണവും സര്‍ക്കാര്‍ കമ്പനികള്‍ സിമന്റ്, സ്റ്റീല്‍, കല്‍ക്കരി എന്നിവ പണം നല്‍കാതെ കൈമാറിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കല്‍, 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സ്വാധീനം, ബോഫോഴ്‌സ് വിവാദം എന്നിവയും പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ദുബെ പറഞ്ഞു. സോണിയയും മേനക ഗാന്ധിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍, ചൈന ഒളിമ്പിക്‌സിന് കുടുംബത്തോടൊപ്പം പോയത്, മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍, 1999ല്‍ കോണ്‍ഗ്രസിലെ ആരാണ് സോണിയയെ വഞ്ചിച്ചതെന്ന ചോദ്യങ്ങള്‍ എന്നിവയും അദ്ദേഹം ഉന്നയിച്ചു. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സംബന്ധിച്ച് സോണിയയുടെ രാഷ്ട്രീയ മുന്‍ഗണന എന്താണെന്നും പുസ്തകത്തില്‍ പരിശോധിക്കുമെന്നും ദുബെ പറഞ്ഞു. നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്റ് അവസാനിപ്പിച്ച അദ്ദേഹം, 'കാത്തിരുന്ന് കാണൂ' എന്നും കുറിച്ചു. സോണിയ ഗാന്ധിയുടെ ഒര്‍മ പുസ്തകമായി 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലൗ' എന്ന പുസ്തകത്തിനെതിരെ ബിജെപി വിമര്‍ശനം തുടരുന്നതിന്റെ തുടര്‍ച്ചയാണ് ദുബെയുടെ പ്രതികരണം.

Content Highlights: BJP MP Nishikant Dubey has announced plans to write a book on Congress leader Sonia Gandhi, claiming it will examine controversial subjects such as Maruti's ownership, the National Herald acquisition and her differences with various political leaders. Dubey said the book is not intended to target anyone but aims to bring out what he described as the factual aspects of these issues. Congress has not yet responded to his remarks.

To advertise here,contact us