ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഒരാഴ്ചയ്ക്കിടെ 14 ബില്യണ്‍ ഡോളറിലധികം കുറഞ്ഞ് 705.3 ബില്യണ്‍ ഡോളറിലെത്തി. നവംബര്‍ 13 വരെയുള്ള കണക്കനുസരിച്ച് മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശ കറന്‍സി ആസ്തികളുടെയും സ്വര്ണശേഖരത്തിന്റെയും മൂല്യം കുറഞ്ഞതാണ് ഇടിവിന് പ്രധാന കാരണം.
വിദേശ കറന്‍സി ആസ്തികളുടെ മൂല്യം ഒരാഴ്ചയ്ക്കിടെ 7.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. സ്വര്‍ണശേഖരത്തിന്റെ മൂല്യത്തില്‍ 6.1 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി. ഡോളറില്‍ കണക്കാക്കുന്ന വിദേശ കറന്‍സി ആസ്തികളുടെ മൂല്യത്തില്‍ മറ്റ് കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും പ്രതിഫലിക്കും. കഴിഞ്ഞ ആഴ്ച 719.547 ബില്യണ്‍ ഡോളറായിരുന്ന വിദേശനാണ്യശേഖരമാണ് വലിയ തോതില്‍ കുറഞ്ഞത്. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും സമ്മര്‍ദം തുടരുകയാണ്. കണക്കുകള്‍ ഉള്‍പ്പെടുന്ന ആഴ്ചയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 0.3 ശതമാനം കുറഞ്ഞ് 94.24 ആയി. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സികളിലൊന്നാണ് രൂപ. ഇറാനെതിരായ അമേരിക്ക-ഇസ്രയേല്‍ സംഘര്‍ഷത്തിന് മുമ്പുതന്നെ രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരുന്നു. സംഘര്‍ഷം സ്ഥിതി കൂടുതല്‍ വഷളാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം 100 വരെ താഴാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
മെയ് മാസത്തിലും ഇന്ത്യയുടെ വിദേശനാണ്യശേഖരത്തില്‍ വലിയ ഇടിവുണ്ടായിരുന്നു. ഒരു വര്‍ഷത്തിലേറെ കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് അന്ന് ശേഖരം എത്തിയിരുന്നു. വിദേശനാണ്യത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന ഉപയോഗം കുറയ്ക്കാനും വിദേശയാത്രകള്‍ ഒഴിവാക്കാനും ഒരു വര്‍ഷത്തേക്ക് ആവശ്യമില്ലാതെ സ്വര്‍ണം വാങ്ങാതിരിക്കാനും ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
Content Highlights: India's foreign exchange reserves fell by more than $14 billion in a week to $705.3 billion as of November 13, marking their lowest level in three months. RBI data released on Friday attributed the decline mainly to a fall in the value of foreign currency assets and gold reserves.