പനാജി: നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'രാമായണ: റൈസ് ഓഫ് എ ലെജന്‍ഡ്' എന്ന സിനിമക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ജനജാഗൃതി സമിതി. രാമായണത്തെ വളച്ചൊടിച്ചുവെന്ന് ആരോപിച്ച് സംഘടന രംഗത്ത് വന്നു. ശ്രീരാമനെയും ലക്ഷ്മണനെയും പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി അവതരിപ്പിച്ചുവെന്നാണ് ആരോപണം.
സിനിമയിലൂടെ കമ്യൂണിസ്റ്റ് അജണ്ട പ്രചരിപ്പിക്കുകയാണെന്നും സംഘടന ആരോപിച്ചു. ഹിന്ദുക്കള്‍ സിനിമ കാണരുത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും സമാനമായ രീതിയില്‍ ഇതിഹാസത്തെ വളച്ചൊടിക്കുന്ന രംഗങ്ങളുണ്ടെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്കി.
ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് ശ്രീരാമനായി വേഷമിടുന്നത്. സീതയായി സായ് പല്ലവിയും രാവണനായി യാഷും ലക്ഷ്മണനായി രവി ദുബെയും എത്തുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് സംഘടന ഗോവ കോര്‍ഡിനേറ്റര്‍ മനോജ് സോളങ്കി ആരോപിച്ചു. മതപരമായ വിഷയങ്ങള്‍ വേണ്ടത്ര പരിശോധിക്കാതെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചിത്രത്തിന് അനുമതി നല്‍കിയത്. മതപരമായ ഇതിഹാസങ്ങളെ ആസ്പദമാക്കിയുള്ള സിനിമകള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ പഠിക്കുകയും പണ്ഡിതന്മാരുടെ അഭിപ്രായം തേടുകയും വേണമെന്ന് സോളങ്കി ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന് മുമ്പ് ഹിന്ദു മതനേതാക്കള്‍ക്കും സന്യാസിമാര്‍ക്കും രാമായണ പണ്ഡിതന്മാര്ക്കും മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നുമാണ് സോളങ്കിയുടെ ആവശ്യം.
Content Highlights: Hindu Janajagruti Samiti objects to Nitesh Tiwari's 'Ramayana', alleging distortion of the epic and misrepresentation of key characters, and warns of nationwide protests over its second part