സിജെപി നേതാക്കൾക്കെതിരെ ജെഡിയു നൽകിയ പരാതി പിൻവലിക്കണം: നിതീഷ് കുമാറിന് കത്തെഴുതി പി സന്തോഷ് കുമാർ എം പി

'സമാധാനപരമായ പ്രതിഷേധങ്ങളെ ക്രിമിനൽവൽക്കരിക്കുന്ന നടപടികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കണം'

ന്യൂഡൽഹി: സിജെപി നേതാക്കൾക്കെതിരെ ജെഡിയു നൽകിയ പരാതി പിൻവലിക്കാൻ നേതാക്കളോട് ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാണിച്ച് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിന് കത്തെഴുതി സിപിഐയുടെ രാജ്യസഭാ എം പി പി സന്തോഷ് കുമാർ. സിജെപി നേതാക്കൾക്കെതിരെ നൽകിയ പരാതി പിൻവലിക്കാൻ ജനതാദൾ (യു)വിന് നിർദേശം നൽകണമെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ ക്രിമിനൽവൽക്കരിക്കുന്ന നടപടികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. നമ്മുടെ ഭരണഘടനയെ വ്യവസ്ഥാപിതമായി ദുർബലപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുന്ന ബിജെപിയുമായുള്ള രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്നും കത്തിൽ പറയുന്നുണ്ട്. ഈ നിർണായക ഘട്ടത്തിൽ, ജനാധിപത്യത്തെ സംരക്ഷിക്കാൻ പോരാടുന്ന ശക്തികൾക്കൊപ്പം നിൽക്കാനുള്ള രാഷ്ട്രീയ ധൈര്യവും തത്ത്വാധിഷ്ഠിതമായ ഐക്യദാർഢ്യവുമാണ് രാജ്യത്തിന് ആവശ്യമെന്നും സന്തോഷ് കുമാർ നിതീഷിന് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ബഹുമാനപ്പെട്ട നിതീഷ് ജി 1970-കളിലെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് താങ്കൾ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്നത്. താങ്കളുടെ രാഷ്ട്രീയ യാത്രയ്ക്ക് രൂപം നൽകിയ ജനാധിപത്യ ബോധത്തെയും വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങളോടുള്ള താങ്കളുടെ കരുതലിനെയും മുൻനിർത്തിയാണ് ഈ അഭ്യർഥന നടത്തുന്നതെന്നും കത്തിൽ സന്തോഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. ജന്തർ മന്തറിൽ നിയമവിരുദ്ധമായി പ്രവേശിച്ചെന്നാരോപിച്ച് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക, മറ്റ് 12 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടി അങ്ങേയറ്റം ആശങ്കാജനകമാണെന്നും സന്തോഷ് കുമാർ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഒക്ടോബർ 12 വരെ രാജ്യതലസ്ഥാനത്തെ ഔദ്യോഗിക പ്രതിഷേധവേദിയായിരുന്നു ജന്തർ മന്തർ. വിദ്യാർഥികൾ, യുവാക്കൾ, കർഷകർ, സ്ത്രീകൾ, തൊഴിലാളി യൂണിയനുകൾ, നിങ്ങളുടേതുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ എന്നിവരെല്ലാം ഭരണകൂടങ്ങളെ പൊതുജനാഭിപ്രായത്തിന് മുന്നിൽ ഉത്തരവാദികളാക്കാൻ ഉപയോഗിച്ചിരുന്ന വേദിയാണിത്. പ്രതിഷേധവേദി എന്ന പദവി ജനാധിപത്യവിരുദ്ധമായി എടുത്തുകളഞ്ഞതിനെതിരെ ജനങ്ങളുടെ വിയോജിപ്പിനുള്ള അവകാശം പ്രതീകാത്മകമായി ഉയർത്തിപ്പിടിക്കുകയായിരുന്നു സിജെപി നേതാക്കൾ അവിടെ പ്രവേശിച്ച് ദേശീയപതാക വീശിയതിലൂടെ ചെയ്തതെന്നും സന്തോഷ് കുമാർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ, അത് അടിച്ചമർത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴിലുള്ള ഡൽഹി പൊലീസ് ക്രൂരമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിനിടെ, സിജെപി പ്രവർത്തകർക്കെതിരെ അതിക്രമിച്ച് കടന്നുവെന്ന പരാതി നൽകിയത് നിങ്ങളുടെ പാർട്ടിയായ ജനതാദൾ (യു) ആണെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും പി സന്തോഷ് കുമാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ജന്തർ മന്തർ റോഡിലെ ഏഴാം നമ്പർ കെട്ടിടത്തിന് നമ്മുടെ ജനാധിപത്യ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുണ്ടെന്നും സന്തോഷ് കുമാർ കത്തിൽ നിതീഷ് കുമാറിനെ ഓർമ്മപ്പെടുത്തുന്നുണ്ട്. 1947 മുതൽ 1969 വരെ അവിടെ ഐക്യ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആസ്ഥാനം പ്രവർത്തിച്ചിരുന്നു. പതിറ്റാണ്ടുകളായി ജനതാദൾ (യു)വിന്റെയും ആസ്ഥാനമാണ് ഈ കെട്ടിടം. ജനാധിപത്യത്തിലെ നിർണായക നാഴികക്കല്ലുകൾക്കും ഭരണകൂടങ്ങൾക്കെതിരായ രാഷ്ട്രീയ പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു സ്ഥലം, ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്തുന്ന നടപടികളുമായി ബന്ധപ്പെടുത്തപ്പെടാൻ പാടില്ല. സിജെപി നേതാക്കൾക്കെതിരെ നിങ്ങളുടെ പാർട്ടി നൽകിയ പരാതി പാർട്ടിയുടെ ജനാധിപത്യ പ്രതിബദ്ധതയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നും സന്തോഷ് കുമാർ വിമർശനം ഉന്നയിക്കുന്നുണ്ട്.

നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കൈകളിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരായ പ്രസ്ഥാനം ശക്തിപ്പെടുകയാണ്. സഹ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ പോലും പുറത്തുകൊണ്ടുവന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ വീഴ്ചകൾ ഇപ്പോൾ പൊതുസമൂഹത്തിന്റെ പരിശോധനയ്ക്ക് വിധേയമാകുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ക്രൂരമായി മർദിക്കുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ മോചിപ്പിക്കുന്നതിനായി ജനപ്രതിനിധികൾ നെട്ടോട്ടമോടുകയും ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ യാത്ര തടയുന്നതിനായി അസാധാരണമായ രീതിയിൽ ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. രാജ്യസഭയിലെ ഞങ്ങളുടെ ഒരു സഹപ്രവർത്തകനെ സുരക്ഷാസേന ആക്രമിക്കുകയും ചെയ്തു.പൊതുജനങ്ങളുടെ വിയോജിപ്പുകളെ നിശ്ശബ്ദമാക്കാൻ തീരുമാനിച്ചിരിക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ നടപടികളായാണ് ഇവയെല്ലാം കാണേണ്ടതെന്നും സന്തോഷ് കുമാർ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlights: CPI MP P Santhosh Kumar has written to Nitish Kumar, urging him to withdraw the JDU complaint against CJP leaders.

To advertise here,contact us