ബെംഗളൂരു: 2028ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. പ്രായാധിക്യം, ആരോഗ്യസ്ഥിതി എന്നിവയും രാഷ്ട്രീയത്തില്‍ ഉയര്‍ന്ന് വരുന്ന അഴിമതിയുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് എക്സ് പോസ്റ്റില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്.
അതേസമയം പൊതുരംഗത്ത് സജീവമായിരിക്കുമെന്നും 79കാരനായ സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ മേഖല ഇന്ന് അഴിമതി നിറഞ്ഞതായതിനാല്‍ 2028 നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ സജീവമായിരിക്കും. ജനങ്ങളുടെ ശബ്ദമായി അവരുടെ കഷ്ടപ്പാടിലും സന്തോഷത്തിലും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
വരുണ നിയമസഭാ മണ്ഡലത്തിലെ ജനങ്ങള്‍ താന്‍ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇനി മത്സരിക്കേണ്ടെന്ന് താന്‍ മനസില്‍ ഉറപ്പിച്ച് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും തന്റെ പ്രായം ഏകദേശം 81-82 ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇപ്പോള്‍ എനിക്ക് 79വയസാണ് പ്രായം. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒന്നര വര്‍ഷത്തോളമുണ്ട്. അപ്പോഴേക്കും വയസ് ഏകദേശം 81-82 എന്ന നിലയിലാകും, ആരോഗ്യം ഇത്രയും ദൃഢമായിരിക്കില്ല. പഴയ അതേ പ്രസരിപ്പോടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെ'ന്നും അദ്ദേഹം എക്സ് കുറിപ്പില്‍ വിശദീകരിക്കുന്നു.
1978ല്‍ താലൂക്ക് ബോര്‍ഡ് അംഗമായി പൊതുരംഗത്തെത്തിയ താന്‍ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് 2028ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ വിജയവും പരാജയവും നേരിട്ടിട്ടുണ്ട്. ഒരിക്കലും തന്റെ നിലപാടുകളിൽ നിന്നും വ്യതിചലിക്കേണ്ടി വന്നില്ല എന്ന നിര്‍വൃതിയുണ്ട്. മാത്രമല്ല തന്റെ മനസാക്ഷിയെ വഞ്ചിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍, ജനങ്ങള്‍ക്ക് പണം നല്‍കേണ്ട സാഹചര്യമാണ്. ഇന്നത്തെ രാഷ്ട്രീയം അഴിമതി നിറഞ്ഞതായി. സത്യസന്ധമായ രാഷ്ട്രീയത്തിന് നിലനില്‍പ്പില്ലാതെയായി. ഈ പശ്ചാത്തലത്തില്‍ ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Karnataka Chief Minister Siddaramaiah has announced that he will not contest the 2028 Karnataka Assembly election. The statement marks a significant political decision as the state prepares for its next electoral cycle.