പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

സിജെപി സമരത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ ഇന്ന് രാജിവെച്ചിരുന്നു

ന്യൂൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രിയാകും. ധർമേന്ദ്ര പ്രധാൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കർണാടകയിലെ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് പ്രള്ഹാദ് ജോഷി. അഞ്ചുതവണ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുമ്പ് കൽക്കരി, ഖനനം, പാർലമെന്ററി കാര്യങ്ങൾ എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്.

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. സമരം അവസാനിപ്പിക്കണമെങ്കിൽ ധ‍ർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ വിദ്യാ‍ർത്ഥികൾ ഉറച്ച് നിൽക്കുകയായിരുന്നു. ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തു. ഇതോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ശക്തമായി നടപ്പിലാക്കുന്നതിനായിട്ടാണ് ആർഎസ്എസ് പശ്ചാത്തലമുള്ള ധർമേന്ദ്ര പ്രധാനെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി ബിജെപി നിയോഗിച്ചതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

ഉത്തരവാദിത്വം നല്ല നിലയിൽ പൂർത്തിയാക്കിയെന്നായിരുന്നു രാജിക്ക് പിന്നാലെ ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കൾ ആണ് ഇന്ത്യയുടെ ശക്തിയെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഐക്യം നിലനിർത്താനാണ് രാജിയെന്നും ധ‍ർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു.

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സിജെപി നേതാക്കളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിലാണ് ജന്തർ മന്തിറിൽ കഴിഞ്ഞ 50 ദിവസമായി നടന്ന് വന്ന സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരം ചെയ്ത വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ഉറപ്പുകൾ ചെവ്വാഴ്ചയ്ക്കകം എഴുതി നൽകും. കൂടിക്കാഴ്ചയ്ക്ക് മുമ്പായി തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പ്രധാനമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കും. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളെല്ലാം പിൻവലിക്കുമെന്നും സമരക്കാർക്ക് കേന്ദ്ര സർക്കാർ ഉറപ്പ് നൽകി.

കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങും ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികളുമായി നടന്ന മൂന്ന് ഘട്ട ചർച്ചകൾക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ ഉറപ്പുകളിൽ വിശ്വാസം അർപ്പിച്ചാണ് സമരം പിൻവലിക്കുന്നതെന്നും, വാഗ്ദാനം ചെയ്ത സമയപരിധിക്കുള്ളിൽ എല്ലാ തീരുമാനങ്ങളും നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ തങ്ങളുടെ ആദ്യ ആവശ്യം സർക്കാർ അംഗീകരിച്ചതായും സിജെപി കൂട്ടിച്ചേർത്തു. പ്രതിഷേധക്കാരും സംഘാടകർക്കും എതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും പിൻവലിക്കണമെന്ന സിജെപിയുടെ രണ്ടാമത്തെ ആവശ്യവും സർക്കാർ അംഗീകരിച്ചതായി സൗരവ് ദാസ് വ്യക്തമാക്കി. ഡൽഹിയിൽ മാത്രമല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്ത കേസുകൾക്കും ഇത് ബാധകമാണെന്ന് സൗരവ് ദാസ് കൂട്ടിച്ചേർത്തു. ഡൽഹിയിലേതു മാത്രമല്ല ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിഷേധക്കാരെതിരായ എഫ്‌ഐആറുകൾ പിൻവലിക്കണമെന്നതായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ ആവശ്യം. സർക്കാർ അത് അംഗീകരിച്ചിട്ടുണ്ട് എന്നായിരുന്നു സൗരവിൻ്റെ പ്രതികരണം.

ധർമ്മേന്ദ്ര പ്രധാന്റെ രാജി വിദ്യാർത്ഥികളുടെ വിജയമെന്നായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ പ്രതികരണം. വിദ്യാഭ്യാസ മേഖലയ്ക്ക് എതിരെ കഴിഞ്ഞ കുറെ നാളായി ആക്രമണം തുടരുന്നുവെന്നും ധ‍ർമേന്ദ്ര പ്രധാൻ അഴിമതിയുടെ പ്രതീകമാണെന്നും രാ​ഹുൽ ​ഗാന്ധി വിമർശിച്ചു. വിദ്യാഭ്യാസ സംവിധാനം മാറ്റാൻ മികച്ച പദ്ധതികൾ വേണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖല ഉടച്ചുവാർക്കേണ്ടതുണ്ടെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസ സംവിധാനത്തെ തകർക്കാൻ RSS മോദിയേക്കാൾ ശ്രമിക്കുന്നുവെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഈ സംഭവങ്ങളിൽ പ്രധാന ഉത്തരവാദിത്വമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർഥികളോട് പരസ്യമായി മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടുക്കൾ ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിജെപിയുടെ ആഭിമുഖ്യത്തില്‍ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. സിജെപി നേതൃത്വത്തിൽ പാർലമെൻ്റിലേയ്ക്ക് നടന്ന മാർച്ചിനെതിരെ പൊലീസ് ശക്തമായ ആക്രണം അഴിച്ച് വിട്ടതോടെയാണ് സമരത്തിൻ്റെ രൂപം മാറുന്നത്. മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ ഡല്‍ഹി പൊലീസ് കണ്ണീര്‍വാതകവും ബാറ്റണുകളും ഉപയോഗിച്ചതോടെ പ്രതിഷേധം കനത്തു. ഇതിന്അ പിന്നാലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നീറ്റ് പരീക്ഷാ ചോർച്ചയിൽ അടക്കം ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് സമരം തണുപ്പിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ സിജെപി നേതാക്കൾ ഉറച്ചുനിന്നു. തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ടുഘട്ടങ്ങളായാണ് സര്‍ക്കാര്‍ സിജെപിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണ ആയിരുന്നില്ല. ശനിയാഴ്ച മൂന്നാം ഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചത്.

Pralhad Joshi has been appointed as India's new Union Education Minister. Get the latest updates on the Cabinet reshuffle, the new education minister, and the government's education policy priorities.

To advertise here,contact us