അമിത്ഷായുടെ സാന്നിധ്യത്തില്‍ പാർലമെന്റില്‍ ചർച്ചവേണം; അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് കോണ്‍ഗ്രസ്

'ചലോ പിഎം ഹൗസ്‌' എന്ന ക്യാംപെയിനും കോൺഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്. അനുനയനീക്കവുമായി സമരവേദിയിലെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗിന് മുന്നിൽ കോൺ​ഗ്രസ് അഞ്ച് ആവശ്യങ്ങൾ മുന്നോട്ട് വെച്ചു. അഭ്യന്തരമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ പാ‍ർലമെൻ്റിൽ ചർച്ച നടത്തണമെന്നതാണ് കോൺ​ഗ്രസ് മുന്നോട്ട് വെച്ച പ്രധാന ആവശ്യം. ഇതിനിടെ 'ചലോ പിഎം ഹൗസ്‌' എന്ന ക്യാംപെയിനും കോൺഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അന്വേഷണത്തിൽ അന്വേഷണം വേണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്റ് നിർത്തിവെച്ച് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യമെന്നും കോൺ​ഗ്രസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയെഴുതി ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി രാജിവെക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സർക്കാരിനോട് 5 ആവശ്യങ്ങളുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺ​ഗ്രസ് പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ അനുനയനീക്കവുമായി കേന്ദ്രസർക്കാർ രം​ഗത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗിനെയാണ് അനുനയ നീക്കവുമായി അയച്ചത്. രാഹുൽ ​ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും രാഹുൽ ​ഗാന്ധി അനുനയ നീക്കം തള്ളുകയായിരുന്നു. പിന്നാലെ സമരവേദിയിൽ നിന്ന് മടങ്ങിയ ജിതേന്ദ്ര സിം​ഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വീണ്ടും സമരവേദിയിലേയ്ക്ക് മടങ്ങിയെത്തി കോൺ​ഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. എന്നാൽ ചർച്ച നടത്തിയതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ചർച്ചയ്ക്ക് എത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രംഗത്തെത്തിയിട്ടുണ്ട്. 'കേന്ദ്ര സർക്കാരിൻ്റെ നിർദേശ പ്രകാരം സമരക്കാരുമായി സംസാരിച്ചു. പാർലമെന്റില്‍ എല്ലാ വിഷയത്തിലും ചർച്ചയാകാമെന്ന് നേരിട്ട് ഉറപ്പ് നല്‍കി. ആദ്യം ചർച്ചയാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെടുന്നു. ഈ വാക്കുമാറ്റം നല്ലതല്ലെന്നാ'ണ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ജിതേന്ദ്ര സിംഗ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ പ്രധാന മന്ത്രിയുടെ വസതിയുടെ മുന്നില്‍ നടത്തുന്ന സമരത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണം ഓരോ ഇന്ത്യന്‍ കുടുംബത്തിനും നേരെയുള്ള ആക്രമണമാണെന്ന് പറഞ്ഞ കൊണ്ടുള്ള എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് ഇതില്‍ മറുപടി നല്‍കാതെ രക്ഷപ്പെടാനാകില്ല. വിദ്യാര്‍ഥികളുടെ ശബ്ദം ഇനിയും അവഗണിക്കാനാവില്ലെന്നും നമ്മുടെ രാജ്യത്തെ കുഞ്ഞുങ്ങള്‍ നീതി അര്‍ഹിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മുടെ വിദ്യാര്‍ത്ഥികള്‍ നീതി അര്‍ഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന എല്ലാ ഇന്ത്യക്കാരോടും പ്രതിഷേധത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ പറയുകയാണെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺ​ഗ്രസിൻ്റെ പ്രതിഷേധം തുടരുകയാണ്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിഷേധം. രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി അടക്കമുള്ള കോൺഗ്രസ് എംപിമാർ എന്നിവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനും സമര വേദിയിലുണ്ട്. ഷാഫി പറമ്പില്‍എംപി ഉള്‍പ്പടെയുള്ള കേരളത്തില്‍ നിന്നുള്ള നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും സമരവേദിയിൽ എത്തിയിട്ടുണ്ട്. കൈകൾ ചേർത്ത് കെട്ടിയാണ് കോൺ​ഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നത്. സമരം ചെയ്യുന്ന കോൺഗ്രസ് നേതാക്കൾക്ക് ആവേശം പകർന്ന് സോണിയ ഗാന്ധിയും സമരമുഖത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇതിനിടെ മന്ത്രി പി സി വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ് എം പി അടക്കമുള്ളവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights: The Congress has demanded a discussion in Parliament in the presence of Union Home Minister Amit Shah and placed five key demands before the government over the issue.

To advertise here,contact us