'പശുവിനെ തേടിയല്ല, കുറ്റവാളികളെ തേടിയാണ് പൊലീസ് പോകേണ്ടത്': കർണാടക ഹൈക്കോടതി

'യഥാർത്ഥ കുറ്റകൃത്യങ്ങൾ' രജിസ്റ്റർ ചെയ്യാതെ പകരം പശുക്കളെ കാണാതായതിന് കേസെടുത്ത പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു

ബംഗളൂരു: രണ്ട് പശുക്കളെ കാണാതായ സംഭവത്തിൽ ഒരു കുടുംബത്തിനെതിരെ ക്രിമിനൽ കേസ് എടുത്ത പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കർണാടക ഹൈക്കോടതി. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് പൊലീസിൻ്റെ നടപടിയെ ചോദ്യം ചെയ്‌തത്.

രണ്ട് വർഷം മുമ്പ് രണ്ട് പശുക്കളെ കാണാതായ സംഭവത്തിൽ ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പശു മോഷണം സംബന്ധിച്ച പരാതി 2026 ൽ മാത്രമാണ് രജിസ്റ്റർ ചെയ്‌തതെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. 2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

'പശുക്കളെക്കുറിച്ചുള്ള അന്വേഷണം നിർത്തി യഥാർത്ഥ കുറ്റകൃത്യങ്ങളുടെ പിന്നാലെ പോകൂ' എന്ന് ജസ്റ്റിസ് നാഗപ്രസന്ന സ്റ്റേറ്റ് കൗൺസിലിനോട് വാക്കാൽ നിർദ്ദേശിക്കുകയായിരുന്നു. 'യഥാർത്ഥ കുറ്റകൃത്യങ്ങൾ' രജിസ്റ്റർ ചെയ്യാതെ പകരം പശുക്കളെ കാണാതായതിന് കേസെടുത്ത പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഗൗരവമേറിയ കുറ്റകൃത്യങ്ങളിൽ കേസെടുക്കാൻ ജനങ്ങൾ പൊലീസ് സ്റ്റേഷൻ്റെ വാതിലിൽ നൂറുതവണ മുട്ടേണ്ടി വരുന്നുണ്ടെന്ന് കോടതി ചൂണ്ടികാട്ടി. എന്നാൽ രണ്ട് വർഷം മുമ്പ് പശുക്കളെ കാണാതായ സംഭവത്തിൽ പൊലീസ് അനാവശ്യമായ തിടുക്കം കാണിക്കുന്നുവെന്ന് കോടതി പരിഹസിച്ചു.

ഈ കേസ് നിയമപ്രക്രിയയുടെ വ്യക്തമായ ദുരുപയോഗമാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം തുടരുന്നത് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല സ്റ്റേ അനുവദിക്കുകയും ചെയ്തു. 2024-ലെ സംഭവത്തിന് 2026-ൽ കേസ് രജിസ്റ്റർ ചെയ്‌തത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തി.

Content Highlights: Karnataka High Court slams police for filing criminal case against family over missing two cows

To advertise here,contact us