നോയിഡ: സിഐടിയു നേതാക്കളെ അന്യായമായി കസ്റ്റഡിയിലെടുത്ത യുപി പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഐഎം നേതാക്കള്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. സിഐടിയു നേതാക്കളെ ജില്ലാ മജിസ്ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചതോടെയാണ് തീരുമാനം. ഇന്ന് തന്നെ കസ്റ്റഡിയില്‍ എടുത്തവരെ മോചിപ്പിക്കാമെന്ന് മജിസ്ട്രേറ്റ് ഉറപ്പുനല്‍കി.
സിപിഐഎം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. നോയിഡയിലെ തൊഴിലാളികളുടെ വേതന വര്‍ധനവ് തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നോയിഡയിലെ തൊഴിലാളി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ സിഐടിയു നേതാക്കളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ എവിടേക്കാണ് മാറ്റിയതെന്ന് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സിപിഐഎം നേതാക്കള്‍ പ്രതിഷേധിച്ചത്. കളക്ടറുടെ ഓഫീസിന് മുന്നില്‍ വെച്ച പൊലീസുകാര്‍ ബലം പ്രയോഗിച്ചാണ് നേതാക്കളെ പിടിച്ചുകൊണ്ടുപോയത്. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിവരമൊന്നും നല്കാന് അധികൃതര്‍ തയ്യാറായില്ലായിരുന്നു.
എം എ ബേബിയുടെ നേതൃത്വത്തില്‍ പിബി അംഗം ആര് അരുണ്‍ കുമാര്‍, രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എ റഹീം, ഡല്‍ഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന, പുഷ്പേന്ദ്ര ത്യാഗി എന്നിവടരങ്ങുന്ന സംഘം കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.
Content Highlights: A protest led by CPIM was reportedly stalled following developments involving CITU leaders