രാമനായി വേഷമിട്ടയാള്‍ തൊടുത്ത അമ്പ് ലക്ഷ്യംതെറ്റി 'രാവണ'ന്റെ കണ്ണിൽകൊണ്ടു; യുവാവിന്റെ കാഴ്ച നഷ്ടമായി; കേസ്

രാമനായി വേഷമിട്ടയാൾ ജാതി പറഞ്ഞ് കളിയാക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു

ലക്‌നൗ: രാംലീല ആഘോഷങ്ങൾക്കിടെ രാമനായി വേഷമിട്ടയാൾ തൊടുത്ത അമ്പുകൊണ്ട് രാവണനായി വേഷമിട്ടയാളുടെ കാഴ്ച നഷ്ടമായെന്ന് പരാതി. സുനിൽ കുമാർ എന്ന ദളിത് യുവാവിന്റെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. പരിപാടിയുടെ സംഘാടകരോ അമ്പ് തൊടുത്ത വ്യക്തിയോ നഷ്ടപരിഹാരമോ സഹായമോ നൽകാതെ വന്നതോടെയാണ് സുനിൽകുമാർ പരാതി നൽകിയത്.

കഴിഞ്ഞ വർഷം നവംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഷാഹ്‌ഗഞ്ചിൽ രാംലീല ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ രാവണനായി അഭിനയിച്ചത് സുനിൽകുമാർ ആയിരുന്നു. രാംസനേഹി സിങ് എന്നയാളാണ് പരിപാടി സംഘടിപ്പിച്ചത്. നൈതിക് പാണ്ഡെ എന്ന യുവാവാണ് രാമനായി വേഷമിട്ടത്.

ഇരുവരും തമ്മിലുള്ള യുദ്ധം മുറുകുന്നതിനിടെ രാമനായി വേഷമിട്ടയാൾ തൊടുത്തുവിട്ട അമ്പ് ലക്ഷ്യംതെറ്റി സുനിൽകുമാറിന്റെ വലതുകണ്ണിൽ കൊണ്ടു. ഉടൻതന്നെ കണ്ണിൽ നിന്ന് ഒരുപാട് രക്തവും വെള്ളവും വന്നിരുന്നു. ഗുരുതരമായ പരിക്കിന് പിന്നാലെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് പിന്നീടുണ്ടായ പരിശോധനയിൽ കണ്ടെത്തി.

ജനുവരി 23നാണ് സുനിൽകുമാർ പൊലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ പരിപാടിയുടെ സംഘാടകനോ രാമനായി വേഷമിട്ടയാളോ തനിക്ക് ഒരു സഹായവും ചെയ്തില്ല എന്ന് സുനിൽകുമാർ ആരോപിക്കുന്നു. രാമനായി വേഷമിട്ട നൈതികിന്റെ വീട്ടിലേക്ക് സഹായം ആവശ്യപ്പെട്ട് സുനിൽകുമാർ നിരവധി തവണ ചെന്നിരുന്നു. എന്നാൽ അപ്പോഴെല്ലാം ജാതി പറഞ്ഞ് കളിയാക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് സുനിൽകുമാർ പരാതിയിൽ പറയുന്നു. പരിപാടിയുടെ സംഘാടകനും തന്നെ അപമാനിച്ചുവെന്ന് സുനിൽകുമാർ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Content Highlights: eyesight of man playing raavan lost after arrow of man playing ram stuck in his eye, case registered

To advertise here,contact us