ചെന്നൈ: എഐഎഡിഎംകെയിലേക്ക് മടങ്ങിവരാന് തയ്യാറാണെന്ന് മുന് മുഖ്യമന്ത്രിയും ഒരുകാലത്ത് ജെ ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ പനീര്സെല്വം. ഐക്യത്തോടെയുളള പാര്ട്ടി കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും താന് എഐഎഡിഎംകെയുമായി ഒന്നിക്കാന് തയ്യാറാണെന്നും ഒ പനീര്സെല്വം പറഞ്ഞു. എന്നാല് പനീര്സെല്വത്തിന്റെ തിരിച്ചുവരവിനെ താന് ഒരുതരത്തിലും സ്വാഗതം ചെയ്യില്ല എന്നതാണ് എടപ്പാടി പളനിസ്വാമിയുടെ നിലപാട്.
കഴിഞ്ഞ ദിവസം തേനിയില് നടന്ന ഒരു പൊതുപരിപാടിയില് സംസാരിക്കവെ പനീര്സെല്വം എടപ്പാടി പളനിസ്വാമിയെ ജ്യേഷ്ഠസഹോദരന് എന്നാണ് അഭിസംബോധന ചെയ്തത്. 'എന്റെ സഖ്യനിലപാട് ഞാന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എഐഎഡിഎംകെയിലെ അവകാശങ്ങള്ക്കായുളള നിയമപോരാട്ടം ഞങ്ങള് തുടരും. എഐഎഡിഎംകെയുമായി ചേര്ന്ന് പ്രവര്ത്തിക്കാന് തയ്യാറാണ്. ടിടിവി ദിനകരന് എന്നെ സ്വാഗതം ചെയ്യാന് തയ്യാറാണ്. എടപ്പാടി പളനി സ്വാമി തയ്യാറാണോ? എന്നാണ് ഒ. പനീര്സെല്വം ചോദിച്ചത്.
2022-ല് എഐഎഡിഎംകെ പനീര്സെല്വത്തെ പുറത്താക്കിയിരുന്നു. അധികാരത്തകര്ക്കം ചേരിതിരിഞ്ഞ ഏറ്റുമുട്ടലില് കലാശിച്ചതിന് പിന്നാലെ പ്രത്യേക പ്രമേയത്തിലൂടെയാണ് പനീര്സെല്വത്തെ പുറത്താക്കിയത്. പാര്ട്ടി വിരുദ്ധ പ്രവര്ത്തനം ആരോപിച്ചായിരുന്നു നടപടി. നിയമസഭാ തെരഞ്ഞെടുപ്പില് ഡിഎംകെയ്ക്ക് എതിരെ ഒരുമിച്ചുളള പോരാട്ടത്തിനായി എഐഎഡിഎംകെയിലെ പിളര്ന്നുപോയ വിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുവരാന് ബിജെപി ശ്രമിക്കുന്നതിനിടെയാണ് പാര്ട്ടിയില് തിരിച്ചുവരാന് താല്പ്പര്യമുണ്ടെന്ന പനീര്സെല്വത്തിന്റെ പ്രഖ്യാപനം.
Content Highlights: o paneerselvam says ready to join aiadmk edappady palaniswami says no chance