'ട്രംപിന് പറ്റുമെങ്കിൽ മോദിജിക്കും പറ്റും, പാകിസ്താനിലേക്ക് സൈന്യത്തെ അയച്ച് മസൂദ് അസറിനെ പിടിക്കൂ'; ഒവൈസി

മുംബൈയിൽ ഒരു പരിപാടിയിൽ പ്രസംഗിക്കുകയിരുന്നു ഒവൈസി

മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചെയ്തത് പോലെ മോദിയും പാകിസ്താനിൽ പോയി ഭീകരരെ പിടികൂടണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ഭീകരരെ പാകിസ്താനിൽ പോയി പിടികൂടണമെന്നാണ് ഒവൈസി ആവശ്യപ്പെട്ടത്.

മുംബൈയിൽ ഒരു പരിപാടിയിൽ പ്രസംഗിക്കുകയിരുന്നു ഒവൈസി. ' ഇന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ട്രംപ് അവരുടെ രാജ്യത്തുപോയി പിടിച്ചുകൊണ്ടുവന്നുവെന്ന് നമ്മൾ കേട്ടു. ട്രംപിന് അങ്ങനെ സാധിക്കുമെങ്കിൽ മോദിക്കും പാകിസ്താനിൽ പോയി മുംബൈ ഭീകരാക്രമണക്കേസിലെ ഭീകരരെ പിടികൂടാം. അതുകൊണ്ട് ഞങ്ങൾ പറയുകയാണ്, മോദിജി, എന്തുകൊണ്ടാണ് നിങ്ങൾ പാകിസ്താനിലേക്ക് സൈന്യത്തെ അയച്ച്, മസൂദ് അസറിനെയോ ലഷ്കർ ഭീകരരെയോ കൊണ്ടുവരാത്തത്? ട്രംപിന് സാധിക്കുമെങ്കിൽ, മോദിക്കും അത് സാധിക്കും. നിങ്ങൾ അത് ചെയ്യണം'; ഒവൈസി പരിഹാസരൂപേണ പറഞ്ഞു.

മയക്കുമരുന്ന് കടത്തുണ്ടെന്ന് ആരോപിച്ച് മഡുറോയെ മാസങ്ങളായി വേട്ടയാടിയ ശേഷമാണ് രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും ഭാര്യയെയും ബന്ദിയാക്കിയത്. ഡിസംബർ 3ന് പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യുഎസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് മഡുറോയെയും സീലിയെയും ബന്ദിയാക്കിയത്. കിടപ്പുമുറിയില്‍ അധിക്രമിച്ച് നടന്നായിരുന്നു നടപടി. ഇതിന് തൊട്ടുമുന്‍പ് വെനസ്വേലയ്ക്ക് നേരെ അമേരിക്ക ശക്തമായ അക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. മഡുറോയെയും സീലിയയെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്.

തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്യും. മറുഡോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിച്ച ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.

Content Highlights:

To advertise here,contact us