ന്യൂഡൽഹി: അരി ഉൽപാദനത്തിൽ ചൈനയ്ക്കുണ്ടായിരുന്ന ആധിപത്യം മറികടന്ന് ഇന്ത്യ. ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി. ആഗോള അരി ഉദ്പാദനത്തിൽ ഇന്ത്യയുടെ പങ്ക് 28 ശതമാനം കവിഞ്ഞു. ഈ നേട്ടത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) അംഗീകാരം നൽകിയിട്ടുണ്ട്. 2025 ഡിസംബറിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ അരി ഉൽപാദനം 152 ദശലക്ഷം മെട്രിക് ടണ്ണിലെത്തിയെന്നും ചൈനയുടെ ഉത്പാദനം 146 ദശലക്ഷം മെട്രിക് ടണ്ണാണെന്നുമാണ് യുഎസ്ഡിഎ വ്യക്തമാക്കുന്നത്.
ആദ്യമായാണ് അരി ഉൽപാദനത്തിൽ ഇന്ത്യ ചൈനയെ മറികടക്കുന്നത്. കയറ്റുമതിയിലും വലിയ മുന്നേറ്റമാണ് ഇക്കാലയളവിൽ ഇന്ത്യൻ അരി സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ 172 രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യൻ അരി കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് 2024-25 കാലയളവിൽ 450,840 കോടി രൂപ മൂല്യമുള്ള കാർഷിക വസ്തുക്കൾ കയറ്റുമതി ചെയ്തു. ഇതിൻ്റെ 24 ശതമാനവും അരിയായിരുന്നു. ബസുമതി അരിയും ബസുമതി ഇതര അരിയും കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യ ഒരു വർഷം കൊണ്ട് 105,720 കോടി രൂപയുടെ വിദേശനാണ്യം നേടി. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ അരിയുടെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ നേട്ടം.
ലോകത്തിലെ ഏറ്റവും കൂടുതൽ ബസ്മതി അരി ഉൽപ്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യയാണ്. ബസ്മതി അരിയുടെ കയറ്റുമതി 50,000 കോടി രൂപ കവിഞ്ഞതായാണ് കണക്ക്. ഇന്ത്യൻ ബസുമതി ഇനങ്ങൾക്ക് വ്യത്യസ്തമായ ഒരു ആഗോള വിപണി വികസിച്ചുവന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ അരി ധാന്യം ഉൽപ്പാദിപ്പിക്കുന്നതിനുള്ള റെക്കോർഡും ഇന്ത്യയ്ക്കുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ അരി ഉൽപ്പാദിപ്പിക്കുന്ന രാജ്യമെന്ന ചൈന ദീർഘകാലമായി കൈവശം വെയ്ക്കുന്ന നേട്ടമാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയുടെ നേട്ടത്തിൽ തായ്വാൻ്റെ സംഭാവനയും എടുത്തുപറയേണ്ടത്. സ്വാതന്ത്ര്യസമയത്ത് ഇന്ത്യ പ്രതിവർഷം ഉദ്പാദിപ്പിച്ചിരുന്ന 20.58 ദശലക്ഷം മെട്രിക് ടൺ അരിയുടെ അളവ് 2025 ആയപ്പോഴേയ്ക്കും 152 ദശലക്ഷം മെട്രിക് ടണ്ണായി ഉയർന്നതിന് പിന്നിൽ ഇന്ത്യൻ കർഷകരുടെയും ശാസ്ത്രജ്ഞരുടെയും കഠിനാധ്വാനം ഉണ്ടായിരുന്നു. എന്നാൽ ഈ നേട്ടത്തിന് പിന്നിൽ തായ്വാന് നൽകിയ പിന്തുണ ഉണ്ടായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്.
1960കളിൽ ഇന്ത്യ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ വലിയ ക്ഷാമം നേരിട്ടിരുന്നു. ഇന്ത്യയുടെ പരമ്പരാഗത നെൽഇനത്തിൽ നിന്ന് ഒരു ഹെക്ടറിന് ഏകദേശം 800 കിലോഗ്രാം മാത്രമായിരുന്നു ഉദ്പാദനം. 1960കളിൽ യൂറിയ എന്ന രാസവളം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഇവ ഉപയോഗിച്ച് ഉദ്പാദനം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന പരമ്പരാഗത നെൽ ഇനത്തിന് ശേഷിയുണ്ടായിരുന്നില്ല. രാസവളവും കൂടുതൽ വെള്ളവും ഉപയോഗിച്ച് ഉദ്പാദനം വർദ്ധിപ്പിക്കുന്നതിനായി കുള്ളൻ കാണ്ഡമുള്ള നെൽഇനം ആവശ്യമായിരുന്നു. ഇന്ത്യയുടെ കൈവശം അതുണ്ടായിരുന്നില്ല.
1960 കളിൽ, ഇന്ത്യ ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം നേരിടുകയായിരുന്നു. അക്കാലത്ത്, കൃഷി പരമ്പരാഗത നീളമുള്ള തണ്ട് അരി ഇനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, ഒരു ഹെക്ടറിന് ഏകദേശം 800 കിലോഗ്രാം മാത്രം വിളവ് ലഭിച്ചു. അപ്പോഴേക്കും, യൂറിയ ഒരു രാസവളമായി അവതരിപ്പിച്ചിരുന്നു. വളത്തിന്റെയും അധിക വെള്ളത്തിന്റെയും ഉപയോഗം ഉത്പാദനം വർദ്ധിപ്പിക്കുമെങ്കിലും, ഇതിന് കുള്ളൻ, ശക്തമായ കാണ്ഡമുള്ള ഇനങ്ങൾ ആവശ്യമായി വന്നു, ഇന്ത്യയിൽ അത് ഉണ്ടായിരുന്നില്ല. ഈ ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയ്ക്ക് സഹായവുമായി വന്നത് തായ്വാനായിരുന്നു. ഇതിനായി തങ്ങളുടെ കുള്ളൻ നെൽവിത്ത് ഇനമായ തായ്ചുങ് നേറ്റീവ്-1 (TN1) തായ്വാന് ഇന്ത്യയ്ക്ക് നൽകി. ഇതാണ് ഇന്ത്യയിലെ നെൽ ഉദ്പാദനതത്തെ മാറ്റി മറിച്ചത്.
ഇന്ത്യയുടെ ഹരിത വിപ്ലവത്തിൽ തായ്ചുങ് നേറ്റീവ്-1 സുപ്രധാനമായ പങ്കാണ് വഹിച്ചത്. ഒഡീഷയിലെ പ്രദേശിക നെൽ ഇനമായ T-14യെ തായ്വാൻ്റെ തായ്ചുങ് നേറ്റീവ്-1-മായി സങ്കരിപ്പിച്ച് ജയ എന്ന സങ്കരയിനം വികസിപ്പിച്ചത് ഇന്ത്യയുടെ നെൽ ഉദ്പാദനത്തിലെ നാഴികകല്ലായി മാറി. ഇതിന്റെ തണ്ടിൻ്റെ നീളം150 സെന്റീമീറ്ററിൽ നിന്ന് 90 സെന്റീമീറ്ററായി കുറഞ്ഞു. ഇത് ഉൽപാദനത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായി.
മറ്റൊരു കുള്ളൻ നെല്ല് ഇനമായ IR-8 1968-ൽ അന്താരാഷ്ട്ര നെല്ല് ഗവേഷണ സ്ഥാപനം ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് ഉൽപാദനത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമായി. വിപ്ലവകരമായ ഉൽപാദനക്ഷമത കാരണം IR-8 'അത്ഭുത അരി' എന്നറിയപ്പെട്ടു. ഈ മുന്നേറ്റങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് നെൽകൃഷിയിൽ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.
കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 1950–51 ൽ ഇന്ത്യ ഒരു ഹെക്ടറിന് 668 കിലോഗ്രാം അരി മാത്രമാണ് ഉദ്പാദിപ്പിച്ചിരിക്കുന്നത്. കുള്ളൻ ഇനങ്ങൾ അവതരിപ്പിച്ചതിനും വളപ്രയോഗം വർദ്ധിപ്പിച്ചതിനും ശേഷം 1975–76 ആയപ്പോഴേക്കും ഇത് 1,235 കിലോഗ്രാം ആയി വർദ്ധിച്ചു. 2000–01 ൽ ഹെക്ടറിന് 1,901 കിലോഗ്രാം ആയും 2021–22 ൽ 2,809 കിലോഗ്രാം ആയും വിളവ് ഉയർന്നുവെന്നാണ് കണക്ക്. 2025–26 ൽ ഇന്ത്യയുടെ ശരാശരി നെൽ ഉദ്പാദനം ഹെക്ടറിന് 4,390 കിലോഗ്രാം ആയും എത്തുമെന്നാണ് യുഎസ്ഡിഎ കണക്കാക്കുന്നത്.
Content Highlights: India overtook China to become the world's top rice producer