യെലഹങ്കയിലെ ബുൾഡോസർ രാജ്: കേരള നേതാക്കളുടെ ഇടപെടലിന് എതിരാണ് എന്ന വാർത്ത വ്യാജം, തിരുത്തണം: കർണാടക സിപിഐഎം

തെറ്റായി റിപ്പോർട്ട് ചെയ്ത വിവരങ്ങൾ നീക്കം ചെയ്യാനും പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന നിലയിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കാനും പ്രസ്താവനയിൽ സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്

ബെംഗളൂരു: കർണാടകയിലെ യെലഹങ്കയിൽ ബുൾഡോസർ ഉപയോ​ഗിച്ച് ആളുകളെ കുടിയൊഴിപ്പിച്ച വിഷയത്തിൽ മാധ്യമങ്ങൾ നടത്തുന്ന വ്യാജപ്രചാരണം തിരുത്തണമെന്ന് സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റി. കൊഗിലുവിൽ ബുൾഡോസർ ഉപയോ​ഗിച്ച് കെട്ടിടങ്ങൾ തകർത്ത സംഭവത്തിൽ ഇരകളായവരെ സന്ദർശിക്കാൻ കേരളത്തിലെ നേതാക്കൾ എത്തിയതിൽ ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ലെന്ന് സിപിഐഎമ്മിൻ്റെ കർണാടക സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 'സംസ്ഥാനത്തെ പാർട്ടി സംവിധാനം സ്വന്തമായി കേസ് നടത്താൻ ശക്തമാണ് എന്ന നിലയിലുള്ള വാർത്തകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. ഈ നിലയിൽ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഇത് സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായമല്ല' എന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. കർണാടക സിപിഐഎം കേരള നേതാക്കളുടെ ഇടപെടലിന് എതിരാണ് എന്ന നിലയിലുള്ള മാധ്യമ റിപ്പോർട്ടും വസ്തുതാവിരുദ്ധമാണെന്ന് വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. തെറ്റായി റിപ്പോർട്ട് ചെയ്ത വിവരങ്ങൾ നീക്കം ചെയ്യാനും പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന നിലയിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കാനും പ്രസ്താവനയിൽ സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.

കർണാടകയിലെ യെലഹങ്കയിൽ ബുൾഡോസർ ഉപയോ​ഗിച്ച് ആളുകളെ കുടിയൊഴിപ്പിച്ച വിഷയത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കളുടെ ഇടപെടൽ വേണ്ടെന്നും സംസ്ഥാനത്തെ പാർട്ടിക്ക് സ്വന്തം നിലയിൽ ഈ വിഷയം കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്നും സിപിഐഎം കർണാടക ഘടകം കേരളത്തിലെ സിപിഐഎം നേതൃത്വത്തെ അറിയിച്ചുമെന്നായിരുന്നു മാധ്യമ വാർത്തകൾ. കേരളത്തിലെ സിപിഐഎം നേതാക്കൾ ഇടപെട്ട് വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്നത്തിലെ ശ്രദ്ധതിരിക്കാൻ കാരണമാകുമെന്നും കർണാടക ഘടകം കേരളത്തിലെ സിപിഐഎം നേതൃത്വത്തെ അറിയിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നേരത്തെ കർണാടകയിലെ യെലഹങ്കയിൽ ബുൾഡോസർ ഉപയോ​ഗിച്ച് ആളുകളെ കുടിയൊഴിപ്പിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള കേരളത്തിലെ സിപിഐഎം നേതാക്കൾ ശക്തമായ വിമർശനവുമായി രം​ഗത്തുവന്നിരുന്നു. കേരളത്തിൽ നിന്നുള്ള എ എ റഹീം എംപി സംഭവസ്ഥലത്തെത്തി വിഷയത്തിൽ ഇടപെട്ട് പ്രതികരണം നടത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം പി ജോൺ ബ്രിട്ടാസും സംഭവത്തിൽ കർണാടക സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു.

'ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുൻകൈയെടുക്കേണ്ട ഭരണാധികാരികൾ തന്നെ ഇങ്ങനെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുക?' എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രൂക്ഷവിമർശനം ഉയർത്തിയത്.

Content Highlights: CPIM Karnataka state committee denies certain reports published in some media about Bulldozer raj

To advertise here,contact us