കൊല്ക്കത്ത: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ആരോപിച്ച 'വോട്ട് ചോരി'യില് ആദ്യ അറസ്റ്റ്. പശ്ചിമബംഗാളിലെ നദിയ സ്വദേശി ബാപി ആദ്യയയെയാണ് സിഐഡി അറസ്റ്റ് ചെയ്തത്. 2023 കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പില് ആലന്ദ് മണ്ഡലത്തില് വോട്ട് ക്രമക്കേട് നടത്തിയതിനാണ് അറസ്റ്റ്. നിരവധി വോട്ടുകള് വോട്ടര്പട്ടികയില് നിന്നും നീക്കം ചെയ്തതാണ് ഇയാള്ക്കെതിരെയുള്ള കുറ്റം.
ഇയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാട് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഏകദേശം 7000 വോട്ട് നീക്കം ചെയ്യാനുള്ള അഭ്യര്ത്ഥന വന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതില് പലതും കോണ്ഗ്രസിന്റെ എതിര്പ്പിനെ തുടര്ന്ന് തടയുകയായിരുന്നുവെന്നും കണ്ടെത്തി. തുടര്ന്ന് വോട്ട് നീക്കം ചെയ്യാനുള്ള അഭ്യര്ത്ഥനയില് മന്ത്രി പ്രിയങ്ക് ഖര്ഗെ പരാതി നല്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ബാപിയെ സിഐഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. വോട്ട് നീക്കം ചെയ്യാന് വേണ്ടി അഭ്യര്ത്ഥന അയച്ച ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്ട്ടല് ആക്സസ് ചെയ്യുന്നതിന് 75 മൊബൈല് നമ്പറുകള് ഇയാള് ഉപയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വോട്ട് നീക്കം ചെയ്യുന്നതിനുള്ള ഒടിപി ബൈപാസ് ചെയ്ത് നല്കിയത് ബാപിയാണെന്നും കണ്ടെത്തി.
മൊബൈല് ഫോണ് അറ്റകുറ്റപ്പണി നടത്തുന്ന കടയുടമയാണ് ബാപി. ഇയാള് ഒടിപി കൂട്ടത്തോടെ ബിജെപി നേതാവിന്റെ ഡാറ്റാ സെന്ററിലേക്ക് എത്തിച്ചുനല്കിയെന്നും റിപ്പോര്ട്ടുണ്ട്. അതേസമയം ന്യൂനപക്ഷ-പിന്നാക്ക സമുദായത്തിലെ വോട്ടര്മാരെയാണ് വോട്ടര്പട്ടികയില് ഇയാള് ഒഴിവാക്കിയതെന്ന് ആലന്ദിലെ കോണ്ഗ്രസ് എംഎല്എ ബി ആര് പട്ടീല് ആരോപിച്ചു.
സെപ്റ്റംബര് 18ന് നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് രാഹുല് ഗാന്ധി വോട്ട് ചോരി ആരോപണമുന്നയിച്ചത്. തെളിവുകള് നിരത്തിയുള്ള വാര്ത്താസമ്മേളനമായിരുന്നു രാഹുല് ഗാന്ധി നടത്തിയത്. 2023 കര്ണാടക തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും വ്യാപകമായി വോട്ട് നീക്കം ചെയ്തെന്ന് രാഹുല് ഗാന്ധി ആരോപിച്ചിരുന്നു. എന്നാല് രാഹുലിന്റെ ആരോപണം തെറ്റാണെന്ന് ആരോപിച്ച് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തുകയായിരുന്നു.
Content Highlights: First arrest in Karnataka on Vote Chori