തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വാക്പോര് കടുക്കുന്നതിനിടെ രാജ്മോഹന്‍ ഉണ്ണിത്താനും ജെ എസ് അഖിലിനുമെതിരെ പരസ്യ പ്രതിരോധവുമായി ചാണ്ടി ഉമ്മൻ. പരസ്പരം കുറ്റപ്പെടുത്തിയാൽ പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ജെ എസ് അഖിൽ മികച്ച ഒരു പൊതുപ്രവർത്തകനാണ്. കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടി നാമനിർദേശം ചെയ്തിരുന്നു. അവസരം ലഭിച്ചിരുന്നെങ്കിൽ നല്ല രീതിയിൽ ജെ എസ് അഖിൽ പ്രവർത്തിക്കുമായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ റിപ്പോർട്ടറിനോട് പറഞ്ഞു. പ്രവർത്തനത്തിലൂടെ ഉമ്മൻ ചാണ്ടിയുടെ പാരമ്പര്യം കാണിച്ച വ്യക്തിയാണ് അഖിൽ. രാജ്മോഹൻ ഉണ്ണിത്താനെ തങ്ങൾക്ക് മറക്കാൻ കഴിയില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
'പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കുകയാണെങ്കില്‍ ഒത്തിരി വിഴുപ്പലക്കേണ്ടി വരും. ഉമ്മന്‍ചാണ്ടിക്ക് ചില താൽപര്യങ്ങൾ ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച ചെയ്യേണ്ടതുമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു സംസ്കാരമുണ്ട്, ആ സംസ്കാരത്തില്‍ പ്രവര്‍ത്തിക്കണം. പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ ഇങ്ങോട്ട് വരുമ്പോള്‍ സംസ്കാരം പഠിക്കാന്‍ ശ്രമിക്കണം. പരസ്പരം കുറ്റപ്പെടുത്തിയാല്‍ പ്രശ്നങ്ങള്‍ അവസാനിക്കില്ല. ജെ എസ് അഖില്‍ മികച്ച ഒരു പൊതുപ്രവര്‍ത്തകനാണ്. കഴക്കൂട്ടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടി നാമനിര്‍ദേശം ചെയ്തിരുന്നു.
അവസരം ലഭിച്ചിരുന്നെങ്കില്‍ നല്ല രീതിയില്‍ ജെ എസ് അഖില്‍ പ്രവര്‍ത്തിക്കുമായിരുന്നു. പ്രവര്‍ത്തനം കൊണ്ടാണ് പാരമ്പര്യം ഉണ്ടാകുന്നത്. പ്രവര്‍ത്തനത്തിലൂടെ ഉമ്മന്‍ചാണ്ടിയുടെ പാരമ്പര്യം കാണിച്ച വ്യക്തിയാണ്. ഏറ്റവും കൂടുതല്‍ കല്ലേറ് കിട്ടിയത് രാജ്മോഹന്‍ ഉണ്ണിത്താനാണ്.
രാജ്മോഹന്‍ ഉണ്ണിത്താനെ തങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. സൈബര്‍ ആക്രമണത്തിന്റെ പ്രത്യാഘാതം ആര്‍ക്കും മനസ്സിലാകില്ല. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ആ സമയത്ത് കല്ലേറുകൊണ്ട വേറെ ആരുമില്ല', ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇന്നലെയാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി കോൺഗ്രസിനുള്ളിലെ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എ ഗ്രൂപ്പ് അല്ലെന്നും അങ്ങനെയാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമാണെന്നുമുള്ള ഉണ്ണിത്താന്റെ പ്രതികരണം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണെന്നും സരിത കേസില്‍ ചാനലായ ചാനലെല്ലാം പോയി ഉമ്മൻചാണ്ടിയെ സംരക്ഷിച്ച ആളാണ് താനെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. അദ്ദേഹത്തെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സ്കൂള്‍ ഓഫ് പൊളിറ്റിക്സിലെ ആരെയും കണ്ടില്ലെന്ന് ഉണ്ണിത്താന് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തിനുമെതിരെ നടന്ന ആക്രമണത്തിന് താന്‍ പ്രത്യാക്രമണം നടത്തി. പ്രതിപക്ഷം തീരുമാനിച്ചിരുന്ന സെക്രട്ടറിയേറ്റ് വളയല്‍ ദിവസം തിരുവനന്തപുരത്തേക്ക് പോയ തന്നെ ട്രെയിനില്‍ വെച്ച് ഡിവൈഎഫ്ഐക്കാര്‍ ക്രൂരമായി ആക്രമിച്ചു. അന്ന് കരമന പിആര്‍എസ് ആശുപത്രിയില്‍ തന്നെ ആദ്യം കാണാന്‍ എത്തിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് ഉണ്ണിത്താന് പറഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടി സ്കൂൾ ഒഫ് പൊളിറ്റിക്സിൽ പഠിച്ച എല്ലാവരും സരിത കേസ് വന്നപ്പോൾ പ്രതിച്ഛായ ഭയം മൂലം ഓടി ഒളിച്ചു. അദ്ദേഹം മരിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടാണ് ചിലർ കുട പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. അന്ന് ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ തന്നോടൊപ്പം ഉണ്ടായിരുന്നത് ടി സിദ്ദിഖ് മാത്രമായിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, കെ സി ജോസഫ്, എ പി അനിൽ കുമാർ അടക്കമുള്ളവരെ സംരക്ഷിക്കാൻ തങ്ങൾ ശ്രമിച്ചു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് താൻ.
ഉമ്മൻ ചാണ്ടി മരണശയ്യയിൽ കിടന്ന് കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ വെക്കാൻ ഒരു കുറിപ്പടി എഴുതിക്കൊടുത്തു. അത് കീറി എറിഞ്ഞിട്ടാണ് അടൂരുകാരനെ പ്രസിഡന്റ് ആക്കിയത്. തനിക്ക് നേരെ വരുന്ന സൈബർ ആക്രമണം എല്ലാം താൻ പരിശോധിച്ചു. അപ്പോഴാണ് നാല് ഗർഭം ഉണ്ടാക്കി അടൂരിൽ വിശ്രമിക്കുന്ന ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്ന് മനസിലായത്. രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ കടന്നാക്രമണം.
പിന്നാലെ രാജ്മോഹന്‍ ഉണ്ണിത്താനെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും രംഗത്തെത്തിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞത് സത്യമാണെന്നും പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. പ്രതിസന്ധി സമയത്ത് കുറച്ചുപേരേ കൂടെ ഉണ്ടായിരുന്നുള്ളു. ഉമ്മൻ ചാണ്ടിയെ പിന്തുണച്ചതിന്റെ പേരില്‍ ആക്രമണം നേരിട്ടയാളാണ് ഉണ്ണിത്താനെന്നും അവർ പറഞ്ഞിരുന്നു.
ഷാഫി പറമ്പില്‍ അന്ന് എ ഗ്രൂപ്പിന്റെ ഭാഗം ഒന്നും ആയിരുന്നില്ല. ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതല്‍ സ്നേഹിച്ച ആളായിരുന്നു ഷാഫി പറമ്പില്‍. അദ്ദേഹം ഇങ്ങോട്ട് എത്ര സ്നേഹിച്ചിരുന്നു എന്ന് അറിയില്ല. അത് അദ്ദേഹം മനസാക്ഷിയോട് തന്നെ ചോദിക്കട്ടെയെന്നും മറിയാമ്മ പറഞ്ഞു. അന്ന് അവര്‍ കൊച്ചുപിള്ളേര് ആണെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെട്ടു. അനുനയ നീക്കവുമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയാണ് ഇടപെടല്‍ നടത്തിയത്. രാജ്മോഹന്‍ ഉണ്ണിത്താനുമായും ഷാഫി പറമ്പിലുമായും ദീപ ദാസ് മുന്‍ഷി ആശയവിനിമയം നടത്തി. ഇരുവരോടും തര്‍ക്കം അവസാനിപ്പിക്കണെമന്ന് ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രാജ്മോഹന്‍ ഉണ്ണിത്താനുമായി സംസാരിച്ചു. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ പുറത്താക്കണമെന്ന് ഉണ്ണിത്താന് ആവശ്യപ്പെട്ടു. അതേസമയം ഉണ്ണിത്താന്റെ വിമര്‍ശനത്തിന് പിന്നാലെ ഷാഫി പറമ്പിലിനെ പിന്തുണച്ച് കൂടുതല്‍ യുവനേതാക്കളും രംഗത്തുവന്നിരുന്നു.
Content Highlights: chandy oommen rajmohan unnithan js akhil congress dispute kerala politics