കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ നിഴല്‍ ഫോട്ടോവെച്ച് റിപ്പോര്‍ട്ടര്‍ നല്കിയ ന്യൂസ് കാര്‍ഡുകളും നീക്കി മെറ്റ. 'സ്ത്രീകള്‍ ജനപ്രതിനിധിയായ ഒരിടത്തും പ്രശ്നമില്ല, പുരുഷന്മാരാണ് പിന്നെയും കുളമാക്കുന്നത്', 'ആണുങ്ങളോട് കളിക്കരുത് എന്ന് പറയരുത്, അത് തെറ്റാണ്, എന്നെ തിരുത്തിയത് മകള്‍' എന്നിങ്ങനെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍, അദ്ദേഹത്തിന്റെ നിഴല്‍ ഫോട്ടോ ഉള്‍പ്പെടുത്തി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച കാര്‍ഡുകളാണ് വമെറ്റ വലിച്ചത്.
അധികാരമേറിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ടര്‍ നല്കിയ ന്യൂസ് കാര്‍ഡുകള്‍ മെറ്റ വ്യാപകമായി നീക്കിയിരുന്നു. ഇന്ത്യയില്‍ ലഭ്യമാകാത്ത രീതിയിലായിരുന്നു കാര്‍ഡുകള്‍ നീക്കിയത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമപ്രകാരമാണ് കാര്‍ഡുകള്‍ നീക്കം ചെയ്തതെന്നായിരുന്നു മെറ്റയുടെ വിശദീകരണം. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിഴല്‍ ഫോട്ടോ ഉള്‍പ്പെടുത്തിയേ ഇനി കാര്‍ഡുകള്‍ നല്‍കൂ എന്ന തീരുമാനം റിപ്പോര്‍ട്ടര്‍ കൈക്കൊണ്ടത്. നിഴല്‍ ഫോട്ടോ വെച്ച് നല്കിയ കാര്‍ഡുകള്‍ മെറ്റ ഇതുവരെ നീക്കം ചെയ്തിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ നിഴല്‍ ഫോട്ടോ ഉള്‍പ്പെടുത്തി ഇന്ന് നല്കിയ രണ്ട് കാര്‍ഡുകള്‍ മെറ്റ നീക്കം ചെയ്യുകയായിരുന്നു.
നേരത്തേ മുഖ്യമന്ത്രിയുടെ ചിത്രംവെച്ചുള്ള കാര്‍ഡുകള്‍ മെറ്റ വ്യാപകമായി നീക്കുന്നതുമായി ബന്ധപ്പെട്ട വിഷയം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞിരുന്നു. എന്നാല്‍ താന്‍ പറഞ്ഞാല്‍ മെറ്റ ന്യൂസ് കാര്‍ഡുകള്‍ നീക്കം ചെയ്യുമോ എന്നായിരുന്നു വി ഡി സതീശന് ചോദിച്ചത്. ഇതിന് പിന്നാലെ ദേശാഭിമാനി, കൈരളി, ടി 21, തുടങ്ങിയവര്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും പങ്കുവെച്ച പോസ്റ്റുകളും മെറ്റ നീക്കം ചെയ്തിരുന്നു. സ്വതന്ത്ര മാധ്യമ സ്ഥാപനമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് തന്നെ ബ്ലോക്ക് ചെയ്തു. ഇതിനെതിരെ നോക്യാപ് നടത്തിയ നിയമപോരാട്ടം വിജയം കണ്ടിരുന്നു. നോക്യാപ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ വന്ന കമന്റ് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് സര്‍ക്കാരിന് കോടതിയില്‍ സമ്മതിക്കേണ്ടിവന്നിരുന്നു. നിയമപോരാട്ടത്തിനൊടുവില്‍ നോക്യാപ്പിന്റെ ഫേസ്ബുക്ക് പേജിന് ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി നീക്കിയിരുന്നു.
ഇതിനിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ ഒരു പ്രതികരണം ശ്രദ്ധേയമായിരുന്നു. വി ഡി സതീശന്റെ ഫോട്ടോവെച്ച ന്യൂസ് കാര്‍ഡുകള്‍ മെറ്റ നീക്കം ചെയ്തത് സര്‍ക്കാര്‍ ആവശ്യപ്രകാരമായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. നിയമസഭയിലെ ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എയായിരുന്നു ചോദ്യം ഉയര്‍ത്തിയത്. 'മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളുള്ള ന്യൂസ് കാര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടി എടുത്തോ' എന്നായിരുന്നു സേവ്യര്‍ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യം. പരാതികളുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതില്‍ മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റുകളുമുണ്ടെന്നായിരുന്നു മന്ത്രി രമേശ് ചെന്നിത്തല മറുപടിയില്‍ വ്യക്തമാക്കിയത്. മന്ത്രിമാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ന്യൂസ് കാര്‍ഡുകളും നീക്കം ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്നാണ് കാര്‍ഡുകള്‍ നീക്കം ചെയ്യിപ്പിച്ചതെന്നും ഐടി ആക്ട് പ്രകാരമാണ് നടപടിയെന്നും മന്ത്രി വിശദീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സഹ്യോഗ് പോര്‍ട്ടല്‍ വഴിയാണ് ഇവ നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
Content Highlights- Meta has removed news cards featuring a shadow image of the Kerala Chief Minister. The removal follows concerns surrounding the use of the image in news cards shared on social media.