തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിരാം കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തേങ്ങ കൊണ്ടുള്ള ഇടിയേറ്റാണ് അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റതെന്ന് 17-കാരന്‍ മൊഴി നല്‍കി. 17കാരന് നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നത്. ഇയാളാണ് അഭിരാമിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് ഇടിച്ചത്.
മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് അഭിരാമിനെ സ്ഥലത്ത് എത്തിച്ചത് 17 കാരനാണെന്ന് നേരത്തെ സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. കൊല നടന്ന സ്ഥലത്ത് എത്തിച്ച ശേഷം ഉണ്ടായ തര്‍ക്കത്തിനിടയില്‍ തേങ്ങ കൊണ്ട് അഭിരാമിന്റെ തലയ്ക്ക് ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയില്‍ ബോധം നശിച്ച അഭിരാമിനെ അവിടെ ഉപേക്ഷിച്ച ശേഷം പുറത്തുപോയി കൂട്ടാളി ഉമറിനെയും കൂട്ടി വീണ്ടും മടങ്ങിയെത്തി. അര്‍ദ്ധ ബോധാവസ്ഥയില്‍ കിടന്ന അഭിരാമിനെ ഉണര്‍ത്തിയതിന് ശേഷമാണ് ഇരുവരും ചേര്‍ന്ന് ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയത്. കസ്റ്റഡിയില്‍ ലഭിച്ച 17-കാരനെ ഇന്ന് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ അഭിരാമിനെ തലയ്ക്ക് ഇടിക്കാന്‍ ഉപയോഗിച്ച തേങ്ങ കണ്ടെത്തി.
കൊലപാതകം നടന്ന പുരയിടത്തിന് സമീപത്തെ കിണറ്റിൽ നിന്ന് അഭിരാമിന്റെ വസ്ത്രങ്ങളും ഫോണും ബെൽറ്റും വെള്ളിമാലയും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു സാധനങ്ങൾ. രണ്ടാം പ്രതി ഉമറുമായി നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഈ നിർണായക തെളിവുകൾ കണ്ടെത്തിയത്. കൊലപാതകം നടന്ന പുരയിടത്തിന് തൊട്ടടുത്തുള്ള മറ്റൊരു പുരയിടത്തിലെ കിണറ്റിൽ നിന്നാണ് കല്ലുപയോഗിച്ച് കെട്ടി താഴ്ത്തിയ നിലയിൽ അഭിരാമിന്റെ സാധനങ്ങൾ കണ്ടെടുത്തത്.
കഴുത്ത് മുറുക്കി കൊല്ലാൻ ഉപയോഗിച്ച ബെൽറ്റ്, മൊബൈൽ ഫോൺ, അഭിരാം ധരിച്ചിരുന്ന വെള്ളി മാല, ഷർട്ട് എന്നിവയാണ് കണ്ടെത്തിയത്. അഭിരാമിനെ ഒന്നാം പ്രതിയായ പതിനേഴുകാരൻ ഇൻസ്റ്റഗ്രാമിൽ സന്ദേശങ്ങൾ അയച്ചാണ് കൊലപാതകം നടന്ന വിജനമായ സ്ഥലത്തേക്ക് എത്തിച്ചത്. അതിനാൽ നിലവിൽ കണ്ടെത്തിയ ഫോണിലെ ഡിജിറ്റൽ തെളിവുകൾ കേസ് അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Content Highlights: abhiram case updates