തിരുവനന്തപുരം: തിരുവനന്തപുരം അണ്ടൂര്‍ക്കോണത്തെ മരുന്ന് മാറ്റത്തില്‍ ഫാര്‍മസിസ്റ്റിന് സസ്പെന്ഷന്. ഓട്ടിസം ബാധിതനായ യുവാവിന് മരുന്ന് മാറി നല്‍കിയതിലാണ് സസ്പെന്ഷന്. അപസ്മാര രോഗിക്ക് മാറി നല്‍കിയത് മാനസികാരോഗ്യ രോഗികള്‍ക്ക് നല്കുന്ന ഉയര്‍ന്ന ഡോസിലുള്ള മരുന്നായിരുന്നു. മരുന്നു മാറിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയ യുവാവ് ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണ്.
അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് ആയ ഷിജിലയെ ആണ് സസ്പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് ഡിസിസി വൈസ് പ്രസിഡന്റ് മുനീറിന്റെ ഭാര്യയാണ് സസ്പെന്‍ഡ് ചെയ്ത ഷിജില. സംഭവത്തില്‍ യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പോത്തന്‍കോട് പൊലീസ് ഷിജിലക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.
ഇരുപത്തിയാറുകാരനായ അംബരീഷ് വര്‍ഷങ്ങളായി അപസ്മാരത്തിന് മരുന്ന് കഴിക്കുന്നതാണ്. എല്ലാ മാസവും സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് അപസ്മാരത്തിനുള്ള മരുന്ന് വാങ്ങിയിരുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച അമ്പരീഷിന്റെ അമ്മ ഡോക്ടറെ കാണുകയും ഡോക്ടര്‍ കണ്ടിന്യൂ എന്ന് എഴുതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഫാര്‍മസിയില്‍ ചെന്നപ്പോള്‍ അപസ്മാരത്തിനുള്ള 'ക്ലോബാസം' എന്ന മരുന്നിന് പകരം 'ക്ലോസാപ്പൈന്' എന്ന മരുന്ന് നല്‍കുകയായിരുന്നു.
മരുന്ന് ലഭിച്ച ശേഷം ഒക്ടോബര്‍ 16 ന് രാവിലെയും ഉച്ചയ്ക്കും അംബരീഷ് ഈ മരുന്ന് കഴിച്ചിരുന്നു. തുടര്‍ന്ന് അമ്മ മുറിയിലെത്തിയപ്പോള്‍ അബോധാവസ്ഥയിലുള്ള അംബരീഷിനെയാണ് കണ്ടത്. ഉടനെ അണ്ടൂര്‍ക്കോണം സിഎച്ച്സിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ അംബരീഷിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
Content Highlights: Pharmacist suspended in Thiruvananthapuram’s Andoorkonam after allegedly dispensing clozapine instead of clobazam to a 26-year-old patient with autism and epilepsy, who remains in ICU