കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇഡി നൽകിയ കത്തിൽ എഫ്ഐആർ ഇടണമെന്നത് പൊലീസിൻ്റെ ബാധ്യതയെന്ന് ഹൈക്കോടതി. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം ഈ കേസിന്റെ വസ്തുതകൾ പരിശോധിക്കുമ്പോൾ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആ ഉത്തരവ് റദ്ദാക്കുന്നതായും ഹൈക്കോടതി ഉത്തരവിട്ടു. ഇ ഡി അന്വേഷണത്തിൽ കുറ്റം വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ 66(2) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിവരം കൈമാറിയാൽ ആ കുറ്റങ്ങൾക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്യുക സംസ്ഥാന പൊലീസിന്റെ കടമയാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൈമാറിയ വിവരത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള വസ്തുതകൾ തീരെയില്ലെങ്കിൽ മാത്രമാണ് ഇതിൽ ഒഴിവുള്ളതെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത്തരം സാഹചര്യം ഓരോ കേസിന്റെയും വസ്തുതകളെ ആശ്രയിച്ചിരിക്കുമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.
ഡയറക്ടർക്കോ അധികാരപ്പെട്ട ഉദ്യോഗസ്ഥനോ കൈവശമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റേതെങ്കിലും നിയമം ലംഘിക്കപ്പെട്ടുവെന്ന് അഭിപ്രായമുണ്ടെങ്കിൽ ആ വിവരം ബന്ധപ്പെട്ട ഏജൻസിക്ക് ആവശ്യമായ നടപടിക്കായി കൈമാറമെന്ന സെക്ഷൻ 66(2) ഉദ്ധരിച്ചാണ് കോടതി വിധി. ഇത്തരം വിവരം ലഭിച്ചാൽ അധികാരപരിധിയിലുള്ള പൊലീസ് കുറ്റം കോഗ്നിസബിൾ ആണെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ബാധ്യസ്ഥരാണെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. പൊലീസ് ഉചിതമായി പ്രതികരിച്ചില്ലെങ്കിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോകാതിരിക്കാനും കുറ്റത്തിൽനിന്നുള്ള ആസ്തി സുരക്ഷിതമാക്കാൻ അവസരമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലഭിക്കുന്ന വിവരം തന്നെ കോഗ്നിസബിൾ കുറ്റം വെളിപ്പെടുത്തുന്നുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്നും സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച് കോടതി വ്യക്തമാക്കുന്നുണ്ട്. അഴിമതി കേസുകളിൽ പ്രാഥമിക അന്വേഷണം ‘നടത്താം’ എന്നേ പറഞ്ഞിട്ടുള്ളൂ. അത് പ്രതിയുടെ അവകാശമല്ല. പ്രാഥമിക അന്വേഷണത്തിന്റെ പരിധി കോഗ്നിസബിൾ കുറ്റം വെളിപ്പെടുത്തുന്നുണ്ടോ എന്ന് നോക്കുക മാത്രമാണ്. അതിന്റെ സത്യാവസ്ഥ പരിശോധിക്കുകയല്ല. പൊലീസിന് ലഭിക്കുന്ന വിവരം വ്യക്തമായി കുറ്റം വെളിപ്പെടുത്തുന്നുണ്ടെങ്കിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താൻ പൊലീസിന് വിവേചനാധികാരമില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ഇ ഡി സംസ്ഥാന ഡിജിപിക്ക് കൈമാറിയ വിവരം 25 പേജുള്ളതാണെന്ന് കോടതി വിധിയിൽ പരാമർശിച്ചിട്ടുണ്ട്. സിഎംആർഎല്ലും എക്സലോജിക്കുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ട തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കൈമാറിയ വിവരങ്ങൾ എന്നും വിധിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൺസൾട്ടൻസി, മാർക്കറ്റിങ് സേവനം എന്ന പേരിൽ സിഎംആർഎൽ ഐടി ടി വീണയ്ക്ക് ആകെ 2.78 കോടി രൂപ നൽകിയിട്ടുണ്ടെന്ന് ഇഡി നൽകിയ വിവരങ്ങൾ പരാമർശിച്ച് കോടതി വിധിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എക്സലോജിക്കിന് മാസം മൂന്ന് ലക്ഷം രൂപയും വീണയ്ക്ക് വ്യക്തിപരമായി മാസം അഞ്ച് ലക്ഷം രൂപയും മുൻകൂട്ടി നിശ്ചയിച്ചു.വീണയോ കമ്പനിയോ സേവനം നൽകിയില്ല. ആദ്യ കാലയളവിൽ ഇൻവോയ്സ് പോലുമുണ്ടായിരുന്നില്ല. പിഎംഎൽഎ സെക്ഷൻ 50 പ്രകാരം ചോദ്യം ചെയ്തപ്പോൾ സോഴ്സ് കോഡ്, കരാർ, റിപ്പോർട്ട് പോലുള്ള രേഖകളൊന്നും ഹാജരാക്കാനായില്ല. 2016 ഡിസംബർ 30ലെ നിയമനക്കത്തിൽ വീണയ്ക്കും അവരുടെ സ്ഥാപനത്തിനുമുള്ള അടിസ്ഥാനസൗകര്യ, പബ്ലിക് റിലേഷൻസ് സാധ്യത കണക്കിലെടുത്താണ് നിയമിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം മൂലമാണ് പണം നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബാങ്ക് സ്റ്റേറ്റ്മെന്റ് പ്രകാരം വീണയ്ക്കും കമ്പനിക്കും ചേർന്ന് സിഎംആർഎല്ലിൽനിന്ന് 3.28 കോടി രൂപ ലഭിച്ചു. മുൻ സിഎഫ്ഒ/സിജിഎം പി സുരേഷ്കുമാറിന്റെ മൊഴി പ്രകാരം, മകൾ വഴി പിണറായി വിജയന് സിഎംആർഎല്ലിൽ നിന്ന് 3.28 കോടി കൈക്കൂലി ലഭിച്ചുവെന്നാണ് ഇ ഡി രേഖപ്പെടുത്തിയത്' എന്നും വിധിയിൽ ഇഡി നൽകിയ വിവരങ്ങൾ എന്ന നിലയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2026 മേയ് 27-ന് വീണയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ചുവന്ന നോട്ടുബുക്കിലും മറ്റ് കുറിപ്പുകളിലും യുഎഇയിലെ സഹായി ഫൈജാസ് വഴിയുള്ള ഇടപാടുകളും വിദേശ ബാങ്ക് അക്കൗണ്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 2024-ൽ വീണയ്ക്ക് നിയമാനുസൃത വരുമാനമുണ്ടായിരുന്നില്ലെന്നും ഭർത്താവിനൊപ്പം സർക്കാർ അനുവദിച്ച മന്ത്രി ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നുവെന്നും ഇഡി പറയുന്നു.മുഹമ്മദ് റിയാസ് ഭാര്യയ്ക്ക് ജോലി/വരുമാന അവസരം ആവശ്യപ്പെട്ടുവെന്നും ദുബായ് അധിഷ്ഠിത വസ്ത്ര കയറ്റുമതിയിമായി ബന്ധപ്പെട്ട ബിസിനസ് നിർദേശം ഫൈജാസ് വി പിയുടെ സാന്നിധ്യത്തിൽ ഉയർന്നുവെന്നും സാക്ഷി മൊഴിയുണ്ട്. 2024 മേയ് 3 മുതൽ 19 വരെ റിയാസും വീണയും ഒരുമിച്ച് ദുബായ് സന്ദർശിച്ചതായി ഇമിഗ്രേഷൻ രേഖകളുണ്ട് എന്നും ഇഡിയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിച്ച് വിധിന്യായത്തിൽ പറയുന്നുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇഡി പേരെടുത്ത് പറഞ്ഞവരിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് വീണ തൈക്കണ്ടിയിൽ, എക്സലോജിക് സൊല്യൂഷൻസ്, നിഖിൽ പി, വാരിസ് എന്ന ഹസൻ വാരിഷ്, ഫൈജാസ് വിപി എന്നിവർ ഉൾപ്പെടുന്നുവെന്ന് വിധിന്യായം പറയുന്നു. കൈക്കൂലി പിരിവിലും കൈമാറ്റത്തിലും സഹായിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ഇ ഡി കുറ്റാരോപണം. ഈ വിവരം തന്നെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം വെളിപ്പെടുത്തുന്നുണ്ടെന്നാണ് കോടതി കണ്ടെത്തൽ. അതിനാൽ അതിന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ സ്ഥാനമുണ്ട്. വീണ്ടും പ്രാഥമിക അന്വേഷണം ആവശ്യമില്ല. ഇത് അന്വേഷിക്കാൻ അധികാരമുള്ളത് വിജിലൻസ് വകുപ്പിനാണ് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പ് 66(2) പ്രകാരം ലഭിച്ച വിവരങ്ങൾ കൈവശമുള്ള സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അവ ഉടൻ സംസ്ഥാന വിജിലൻസിന് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനായി മൂന്നാം എതിർകക്ഷി ഈ വിവരങ്ങൾ നിർബന്ധമായും കൈപ്പറ്റുകയും നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുകയും വേണമെന്നും ഹൈക്കോടതി നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട്, ആവശ്യമായ എല്ലാ രേഖകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ മൂന്നാം എതിർകക്ഷിക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം അന്വേഷണത്തിനാവശ്യമായ മറ്റ് രേഖകൾ ആവശ്യപ്പെടുന്നതിനും മൂന്നാം എതിർകക്ഷിക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കെ എം ഷാജഹാൻ നൽകിയത് പൊതുതാൽപര്യ ഹർജിയാണെന്നും ഹർജിക്കാരന് ലോക്കസ് സ്റ്റാൻഡി ഇല്ലെന്നും അഡ്വക്കറ്റ് ജനറൽ വാദിച്ചിരുന്നു. നേരത്തേ കോടതിയെ അവഹേളിച്ചതിന് അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അഡ്വക്കേറ്റ് ജനറൽ ഈ വാദം ഉയർത്തിയത്. എന്നാൽ കോടതി കോടതി ഈ വാദം തള്ളി. ഹർജിക്കാരൻ അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമാണ്. മുൻകാല കോടതിയലക്ഷ്യ നടപടിക്ക് ശേഷം, പൗരനെന്ന നിലയിൽ കോടതിയെ സമീപിക്കാൻ അദ്ദേഹത്തെ തടയില്ലന്നെന്നും ഹർജി നിലനിൽക്കുമെന്നുമായിരുന്നു കോടതിയുടെ തീർപ്പ്.
Content Highlights: The Kerala High Court criticised the state government's decision to constitute a Special Investigation Team (SIT) without registering an FIR based on the Enforcement Directorate's letter, observing that the move was illegal.