മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ വിവാദമായ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയന്ത്രിച്ചുകൊണ്ടുള്ള പെരുമാറ്റച്ചട്ടമാണ് പിന്‍വലിച്ചത്. കരട് രേഖയില്‍ തുടര്‍നടപടി വേണ്ടെന്നാണ് തീരുമാനം.വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചത്.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശത്തില്‍ മലയാളസര്‍വകലാശാലയില്‍ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്ക ലംഘനമായാണ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. ക്യാമ്പസിനുള്ളില്‍ മുദ്രാവാക്യം വിളി പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു.
ക്യാമ്പസിനുള്ളില്‍ അനധികൃതമായ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നും അനധികൃതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തിയിരുന്നു.
ഗവര്‍ണര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞിരുന്നു. സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ അയച്ച ഉത്തരവ് അതീവ ഗുരുതര സ്വഭാവത്തോടെ കാണണമെന്നും സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
സർവകലാശാലയിലേക്കുള്ള പി ജി എൻട്രൻസ് പരീക്ഷയും അഭിമുഖവും പഴയ പടി നടത്താനും തീരുമാനമായി. പിജി പ്രവേശന പരിഷ്കാരങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എസ്എഫ്ഐ മലയാള സർവകലാശാലയിലേക്ക് സമരം സംഘടിപ്പിച്ചിരുന്നു. പിന്നാലെ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിലും തീരുമാനമായത്.
Conten Highlights:malayalam university withdraws controversial circular at Malayalam University