'തോല്‍വി വീണ്ടും അവലോകനം ചെയ്യണം'; സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ട് തളളി കേന്ദ്ര കമ്മറ്റിയും പിബിയും

തോൽവി വീണ്ടും അവലോകനം ചെയ്യണമെന്നും ആവശ്യം ഉയരുന്നുണ്ട്

ന്യൂഡല്‍ഹി: കേരളത്തിലെ തോല്‍വിയിൽ സംസ്ഥാന നേതൃത്വം നൽകിയ റിപ്പോര്‍ട്ട് കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും തള്ളി. താഴെ തട്ടിലാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നും കീഴ്ഘടകങ്ങളിലെ പ്രശ്നങ്ങൾ കൃത്യമായി തന്നെ വിലയിരുത്തേണ്ടതാണെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി. കീഴ്ഘടകങ്ങളിലെ പൾസ് അറിയുന്നില്ലെന്നും വിമർശനം ഉയർന്നു. തോൽവിയിൽ വിശദമായ ചർച്ചയും വിലയിരുത്തലുകളും വേണമെന്നും അഭിപ്രായം ഉയർന്നു. ഇതിനായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും വിളിച്ച് ചേർക്കും.

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ചകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കേരളത്തിൽ പാർട്ടിക്കേറ്റ തിരിച്ചടിയിൽ വിശദമായ ചർച്ചയാണ് കേന്ദ്ര കമ്മറ്റി യോഗത്തിൽ നടന്നത്. വിലക്കയറ്റം, ഇന്ധന പ്രതിസന്ധി ഉൾപ്പെടെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള ചർച്ചയും കഴിഞ്ഞ ദിവസം നടന്നിരുന്നു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും എതിരെ കടുത്ത വിമർശനങ്ങളാണ് സിപിഐഎം ജില്ലാ നേതൃയോ​ഗങ്ങളിൽ ഉയരുന്നത്. കേരളത്തിൽ നിന്നുള്ള പോളിറ്റ്ബ്യൂറോ അം​ഗങ്ങൾ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരിൽ കടുത്ത വിമർശനം നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര കമ്മിറ്റി യോ​ഗം ചേരുന്നത്.

Content Highlight : Central Committee and Politburo reject state leadership’s report on Kerala defeat

To advertise here,contact us