വിൽക്കാൻ പോലും ഒന്നുമുണ്ടായിരുന്നില്ല, അക്കൗണ്ട് നമ്പർ ചോദിച്ച് ആളുകൾ വിളിച്ചപ്പോഴും കൊടുത്തില്ല: എം കെ മുനീർ

കടബാധ്യതയേയും മോശം ആരോഗ്യാവസ്ഥയെയും കുറിച്ച് തുറന്നുപറഞ്ഞ് എം കെ മുനീർ

കൊച്ചി: തന്നെ പിടികൂടിയ കടബാധ്യതയേയും മോശം ആരോഗ്യാവസ്ഥയെയും കുറിച്ച് തുറന്നുപറഞ്ഞ് മുൻ മന്ത്രിയും മുസ്‌ലിം ലീഗിലെ മുതിർന്ന നേതാവുമായ എം കെ മുനീർ. വിശ്രമമില്ലാത്ത പ്രവർത്തനത്തിനിടയിൽ വ്യക്തിപരമായ കാര്യം നോക്കാൻ സമയം കിട്ടിയില്ലെന്നും താൻ പോലും അറിയാതെയാണ് പാർട്ടി തന്റെ കടബാധ്യത അടച്ചുതീർത്തതെന്നും എം കെ മുനീർ പറഞ്ഞു. തന്റെ കൈയിൽ വിൽക്കാൻ പോലും ഒന്നുമുണ്ടായിരുന്നില്ല. എന്തെങ്കിലും ഒരു വഴി തുറന്നുകിട്ടും എന്നാണ് താൻ വിചാരിച്ചിരുന്നത്. പാർട്ടി തന്റെ കൂടെ നിൽക്കുന്നു എന്ന് പറഞ്ഞപ്പോൾ തനിക്ക് കുറച്ച് കൂടി അന്തസ് തോന്നിയെന്നും എം കെ മുനീർ പറഞ്ഞു. റിപ്പോർട്ടർ ടി വി കൺസൾട്ടിങ് എഡിറ്റർ ഡോ. അരുൺ കുമാറുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് മുനീർ മനസുതുറന്നത്‌.

രാഷ്ട്രീയത്തെ ഒരിക്കലും വ്യക്തിജീവിതവുമായി താൻ കൂട്ടിച്ചേർത്തിട്ടില്ലെന്നും മുനീർ പറഞ്ഞു. വ്യക്തിജീവിതത്തെ കരുപിടിപ്പിക്കാനല്ല രാഷ്ട്രീയം. അത് സേവനത്തിന് വേണ്ടിയാണ്. മുഴുവൻ സമയ രാഷ്ട്രീയക്കാരനായിരുന്നു താൻ. വിശ്രമമില്ലാത്ത പ്രവർത്തനത്തിനിടയിൽ വ്യക്തിപരമായ കാര്യം നോക്കാൻ സമയം കിട്ടിയില്ല. അതിന് മുൻഗണന കൊടുത്തുമില്ല. തന്റെ കടം ആരോടും പറഞ്ഞിരുന്നില്ല. തനിക്കും തന്റെ കുടുംബത്തിനുമല്ലാതെ അടുത്ത സുഹൃത്തുക്കൾക്ക് പോലും കടമുള്ളത് അറിയില്ല. പറയുന്നതോടെ തന്റെ വ്യക്തിത്വം നഷ്ടപ്പെടും. തന്റെ ലോണിന് മറ്റുള്ളവർ ബാധ്യത ഏറ്റെടുക്കേണ്ട ആവശ്യം എന്താണെന്നും മുനീർ ചോദിച്ചു. കുറച്ച് തുക താൻ അടച്ചെങ്കിലും വീണ്ടും പഴയ നിലയിലേക്ക് എത്തി. താൻ പലതും കാൽക്കുലേറ്റ് ചെയ്തിരുന്നു, പക്ഷെ ഒന്നും നടന്നില്ലെന്നും മുനീർ തുറന്നുപറഞ്ഞു.

കടബാധ്യത അറിഞ്ഞശേഷം കുഞ്ഞാലിക്കുട്ടിയാണ് തന്നെ ആദ്യം വിളിച്ചതെന്നും മുനീർ പറഞ്ഞു. എന്തുകൊണ്ട് തന്നെ അറിയിച്ചില്ല എന്നാണ് അദ്ദേഹം ചോദിച്ചത്. കടം അടച്ചുതീർത്തത് അദ്ദേഹം തങ്ങളുമായി കൂടിയിരുന്ന് തീരുമാനിച്ചതായിരിക്കണം. കടം അടച്ചുതീർക്കുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ലെന്നും ലോൺ സെറ്റിൽ ചെയ്തുവെന്ന് ബാങ്ക് അധികൃതരാണ് തന്നോട് പറഞ്ഞതെന്നും മുനീർ പറഞ്ഞു. തന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ഗൂഗിൾ പേ നമ്പറും ചോദിച്ച് ഒരുപാട് പേർ വിളിച്ചു. പക്ഷെ കൊടുത്തില്ല. പാർട്ടി തന്റെ കൂടെ നിൽക്കുന്നു എന്നുപറഞ്ഞപ്പോൾ തനിക്ക് കുറച്ച് കൂടി അന്തസ് തോന്നിയെന്നും പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും കൂടെ ഉണ്ടാകും എന്ന സന്ദേശമാണ് ലഭിച്ചത് എന്നും മുനീർ വ്യക്തമാക്കി. ലീഗിൽ നിന്ന് മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടിയിൽ നിന്നും ആളുകൾ വിളിച്ചിരുന്നുവെന്നും മുനീർ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും മുനീർ വ്യക്തമാക്കി. പാർട്ടിയാണ് താൻ മത്സരിക്കണോ വേണ്ടയോ എന്ന് പറയേണ്ടത്. പാർട്ടി എന്തുപറഞ്ഞാലും താൻ ചെയ്യുമായിരുന്നു. ആരോഗ്യം മോശമായതിനാൽ ഓടിനടന്ന് പ്രവർത്തിക്കാൻ പറ്റില്ല എന്ന് തനിക്കും പാർട്ടിക്കും അറിയാം. പാർട്ടി അത് മനസിലാക്കി. അത് ഒരുതരം ചേർത്തുപിടിക്കലാണെന്നും മുനീർ പറഞ്ഞു. ചിലയിടങ്ങളിൽ യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതത്തിൽ തനിക്കുണ്ടായ വീഴ്ചകളെപ്പറ്റിയും മുനീർ തുറന്നുസംസാരിച്ചു. എല്ലാ മേഖലയെയും തൊട്ടുതൊട്ടു പോയി. പക്ഷെ ഒന്നിലും അങ്ങോട്ട് ഇറങ്ങിച്ചെല്ലാൻ പറ്റിയില്ല. ആരോഗ്യത്തെ അലസമായിക്കണ്ട ഒരു വ്യക്തിയാണ് താൻ. കൃത്യമായ ഉറക്കം, വ്യായാമം, ഭക്ഷണം എന്നിവ തനിക്ക് ഉണ്ടായിട്ടില്ല. ഇൻസോംനിയ ഇപ്പോഴും തന്നെ അലട്ടുന്നുണ്ട്. പലപ്പോഴും പല സമയത്ത് ഒരുപാട് ഭക്ഷണം കഴിച്ചു. അത് തന്റെ ആരോഗ്യത്തെ ബാധിച്ചു. മുപ്പതാം വയസിലാണ് പ്രമേഹം പിടിപ്പെട്ടത്. ശ്രദ്ധിച്ചിരുന്നെങ്കിൽ ആരോഗ്യപ്രശ്നം ഉണ്ടാകില്ലായിരുന്നുവെന്നും ഇനി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെന്നും മുനീർ വ്യക്തമാക്കി.

Content Highlights: Senior Muslim League leader and former minister M K Muneer has opened up about his financial struggles and poor health. He revealed that due to his continuous political work, he could not focus on personal matters, and the party had cleared his debts without his knowledge

To advertise here,contact us