ആലുവയില്‍ എ എം ആരിഫ്?; അന്‍വര്‍ സാദത്തിനെ നേരിടാന്‍ മുന്‍ എംപിയെ കളത്തിലിറക്കിയേക്കും

യുഡിഎഫിനെ അട്ടിമറിക്കാന്‍ ആരിഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സാധിക്കുമെന്നാണ് സിപി ഐഎം കണക്കുകൂട്ടുന്നത്.

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ തീരുമാനിക്കാത്ത പല മണ്ഡലങ്ങളിലും സിപിഐഎമ്മില്‍ ധാരണയായി. യുഡിഎഫ് കോട്ടയായ ആലുവയില്‍ മുന്‍ എംപി എ എം ആരിഫിനെ സജീവമായി പരിഗണിക്കുന്നുണ്ട്. അദ്ദേഹം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായെത്താനുള്ള സാധ്യതയേറി.

2011 മുതല്‍ അന്‍വര്‍ സാദത്ത് തുടര്‍ച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണ് ആലുവ. 2021ല്‍ 18886 വോട്ടുകള്‍ക്കാണ് അന്‍വര്‍ സാദത്ത് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഭരണം നേടാന്‍ യുഡിഎഫിനായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളുടെ കണക്കില്‍ 11849 വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അട്ടിമറിക്കാന്‍ ആരിഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സാധിക്കുമെന്നാണ് സിപി ഐഎം കണക്കുകൂട്ടുന്നത്.

പ്രമോദ് ദാസ്- കൊണ്ടോട്ടി, ദാമോദരന്‍ വെങ്ങാട്-വണ്ടൂര്‍, എ ജി ഉദയകുമാര്‍- തൃക്കാക്കര, എ കെ നസീര്‍/എ എം ആരിഫ്-ആലുവ, കുന്നത്ത് മുഹമ്മദ്/എം പി അലവി-മങ്കട, ഹനീഫ പുലാമന്തോള്‍/ലീഗ് വിട്ട് വരുന്ന സ്വതന്ത്രന്‍- പെരിന്തല്‍മണ്ണ എന്നിങ്ങനെയാണ് പുതുതായി തീരുമാനമായ സീറ്റുകള്‍.

സിപിഐഎം മത്സരിക്കുന്ന മലപ്പുറം സീറ്റ് എന്‍സിപിക്ക് നല്‍കി കോട്ടക്കല്‍ ഏറ്റെടുത്തു. കോട്ടക്കലോ അല്ലെങ്കില്‍ തിരൂരിലോ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. അതേ സമയം പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ അറിയാന്‍ ഇനിയും വൈകും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അറിഞ്ഞതിന് ശേഷം തീരുമാനിക്കാമെന്നാണ് സിപിഐഎം തീരുമാനം.

Content Highlights: Former MP A M Arif likely to contest in Aluva

To advertise here,contact us