കരുതലിന്റെ തണലിലേക്ക്; മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടുകള്‍ കൈമാറി സര്‍ക്കാര്‍

വെറുതെ കല്ലുമാത്രം ഇട്ടുപോകുന്നവരല്ല തങ്ങളെന്നും, അത് വീടാവുമെന്നും അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ വീടെത്തുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം യാഥാര്‍ത്ഥ്യമായി. ദുരന്തബാധിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ 178 വീടുകളുടെ താക്കോല്‍ കൈമാറ്റം നടന്നു. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അതി വൈകാരികമായ കാഴ്ചകള്‍ക്കാണ് കല്‍പ്പറ്റയിലെ ബൈപ്പാസ് റോഡിലെ ടൗണ്‍ഷിപ്പ് സാക്ഷ്യം വഹിച്ചത്.

വെറുതെ കല്ലുമാത്രം ഇട്ടുപോകുന്നവരല്ല തങ്ങളെന്നും, അത് വീടാവുമെന്നും അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ വീടെത്തുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു.

'വീട് ഏറ്റുവാങ്ങുന്നവരെ കണാനായി പോയപ്പോള്‍ ശരിക്കും കൈവിട്ടുപോയ അവസ്ഥയായിരുന്നു, ആ വലിയ ദുരന്തത്തിന്റെ ഓര്‍മകളിലേക്ക് പോയി. ഒരുകാര്യം ഞാന്‍ ഉറപ്പിച്ചു പറയാം, ഞങ്ങള്‍ കല്ലുമാത്രം ഇട്ട് പോകുന്നവരല്ല. കല്ലിട്ടാല്‍ അതിനു മീതെ വീടുവയ്ക്കും. കൊടുക്കാന്‍ തീരുമാനിച്ച മനുഷ്യന്റെ കയ്യില്‍ ആ വീടെത്തും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കിയത്. 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11ന് സര്‍ക്കാര്‍ ഏറ്റെടുത്ത കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4075 ഹെക്ടര്‍ ഭൂമിയില്‍ പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ 410 വീടുകളാണ് നിര്‍മിക്കുന്നത്. 402 കുടുംബാംഗങ്ങളിലെ 1662 പേരാണ് താമസിക്കുക.

ടൗണ്‍ഷിപ്പില്‍ ടെക്നിക്കല്‍ പ്രൊജക്ട് ഹെഡ് എന്‍ജിനീയര്‍, ടെക്നിക്കല്‍ മാനേജര്‍, നാല് പ്രൊജക്ട് എന്‍ജിനീയര്‍മാര്‍, ഒരു ക്വാളിറ്റി സര്‍വേയര്‍, പ്രതികൂല കാലാവസ്ഥ അതിജീവിച്ച് ഒരു ഡോക്യുമെന്റ് കണ്‍ട്രോളര്‍, ഒന്‍പത് അസിസ്റ്റന്റ് പ്രൊജക്ട് എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദിവസേന 1500- ലധികം തൊഴിലാളികളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നത്. ടൗണ്‍ഷിപ്പിലെ വീട് നിര്‍മിക്കുന്നതിന് 299 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

2024 ജൂലൈ 30നാണ് നാടിനെയാകെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടാകുന്നത്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒരു നാട് തന്നെ മണ്ണിനടിയിലായ വാര്‍ത്തയാണ് നാം കേട്ടത്. ആ മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ ഈ നാട് ഒന്നടങ്കം രംഗത്തു വന്നതോടെയാണ് ദുരന്തത്തിന്റെ ആദ്യ നാളുകളെ നാം അതിജീവിച്ചത്.

Content Highlights: cm pinarayi vijayan hand over phase one houses of mundakkai township

To advertise here,contact us