ടി പി വധക്കേസ്: പന്ത്രണ്ടാം പ്രതിയും സിപിഐഎം നേതാവുമായ ജ്യോതിബാബുവിൻ്റെ ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജ്യോതിബാബു നല്‍കിയ അപ്പീലിലാണ് സുപ്രീകോടതിയുടെ ഇടക്കാല ഉത്തരവ്

ന്യൂഡൽഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പന്ത്രണ്ടാം പ്രതിയും സിപിഐഎം നേതാവുമായ ജ്യോതിബാബുവിൻ്റെ ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീംകോടതി. ജീവപര്യന്തം ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജ്യോതിബാബു നല്‍കിയ അപ്പീലിലാണ് സുപ്രീകോടതിയുടെ ഇടക്കാല ഉത്തരവ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിൽ ജ്യോതിബാബുവിന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ജ്യോതിബാബു നല്‍കിയ അപ്പീലിൽ അന്തിമ തീരുമാനമെടുക്കുംവരെ ജാമ്യവും സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി ജ്യോതിബാബു നല്‍കിയ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി.

ജ്യോതിബാബുവിനെതിരെയുള്ളത് ദുര്‍ബലമായ തെളിവുകളാണെന്ന് സുപ്രീംകോടതി ചൂണ്ടികാട്ടി. ഗൂഡാലോചനക്കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ അപര്യാപ്തമാണെന്നായിരുന്നു ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, സതിഷ് ചന്ദ്ര ശര്‍മ്മ ഉള്‍പ്പെട്ട ബെഞ്ചിൻ്റെ കണ്ടെത്തൽ.

ജ്യോതിബാബുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഡയാലിസിസിന് വിധേയനാകുന്നുണ്ടെന്നും പറഞ്ഞ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് നൽകിയിരുന്നു. ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും റിപ്പോട്ടിൽ പറയുന്നുണ്ട്. മെഡിക്കൽ ബോർഡാണ് ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാണിച്ചുള്ള റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറിയത്. ജ്യോതിബാബുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

കൊലപാതക കേസില്‍ ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ജ്യോതിബാബുവിന് ഇടക്കാല ജാമ്യം നല്‍കരുതെന്ന കെകെ രമയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

Content Highlights: TP Chandrasekharan murder case accused Jyothibabu's Penality Freezed by Supreme Court

To advertise here,contact us