കണ്ണൂർ: തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെരുങ്കള്ളന്മാരുടെ പട്ടികയിൽപ്പെടുന്നയാളാണ് തന്ത്രിയെന്നും അദ്ദേഹത്തെ കുടുക്കേണ്ട ആവശ്യം ആർക്കുമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സ്വർണക്കൊള്ളയിൽ അന്വേഷണം പൂർത്തിയാകുമ്പോൾ കുറ്റമെന്താണെന്ന് അറിയാമെന്നും ഗോവിന്ദൻ പറഞ്ഞു.
തന്ത്രിക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ജില്ലാ കോടതി വിധിയിൽ അസാധാരണത്വമുള്ളതായി മന്ത്രി പി രാജീവും പറഞ്ഞു. അവസാന വിധി പോലെ ആയിരുന്നു കൊല്ലം കോടതിയുടെ വിധി. സുപ്രീംകോടതി വിധി പോലെ ആയിരുന്നു ഉത്തരവിൻ്റെ സ്വഭാവം. പരാമർശങ്ങൾ നീക്കുന്നതിന് അപ്പീൽ പോകണോ എന്ന് തീരുമാനിക്കേണ്ടത് എസ്ഐടിയാണ്. ഹൈക്കോടതിയാണ് എസ്ഐടി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം തന്ത്രിയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും രംഗത്തെത്തി. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് സംശയാസ്പദമാണെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നിർദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും ചെന്നിത്തല ആരോപിച്ചു.
മറ്റ് പലരേയും രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. തന്ത്രി അയ്യപ്പന്റെ പിതാവിന്റെ സ്ഥാനമുള്ളയാളാണെന്നും ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിയെ മനഃപൂർവം കുടുക്കിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെയാണ്. നടപടി ക്രമങ്ങൾ പാലിച്ചായിരുന്നില്ല അറസ്റ്റ്. 41 ദിവസം തന്ത്രിയെ ജയിലിൽ കിടത്തിയത് സംശയാസ്പദമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദേശപ്രകാരമാണ് എസ്ഐടി പ്രവർത്തിച്ചത്. ജാമ്യം ലഭിക്കുന്നതിനെ എസ്ഐടി എതിർത്തു. എന്നാൽ അതിന് വിരുദ്ധമാണ് കൊല്ലം വിജിലൻസ് കോടതിയിലെ വിധിന്യായമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടി തന്ത്രിയെ അറസ്റ്റഅ ചെയ്യുകയായിരുന്നു എന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്. ജാമ്യവിധി പരിശോധിക്കുമ്പോള്‍ എന്തോ പകയോടെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തെന്ന് മനസിലാകും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിലപാടിനെതിരെ തന്ത്രി നിന്നതാണ് അറസ്റ്റ് നടപടിക്ക് പിന്നില്‍. സര്‍ക്കാരും എസ്ഐടിയും വിഷയത്തില്‍ മറുപടി പറയണം. കോടതി നിരീക്ഷണം പരിശോധിക്കുമ്പോള്‍ ഒരു തെളിവു പോലുമില്ലാതെയാണ് അറസ്റ്റ് എന്ന് മനസിലാകും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ എസ്ഐടി അന്വേഷണത്തിലെ വീഴ്ച ഉള്‍പ്പെടെ അന്വേഷിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Content Highlights: CPI(M) state secretary M V Govindan responds to controversy surrounding Thanthri Kandararu Rajeevaru in the Sabarimala gold theft case