കോട്ടയം: കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം തള്ളാതെ മന്ത്രി റോഷി അഗസ്റ്റിൻ. നിഷ പാലായിൽ മത്സരിക്കുന്നതിനോട് എന്തിനാണ് തനിക്ക് എതിർപ്പെന്നും അവരുടെ പ്രവർത്തനം നോക്കിക്കാണുന്നവർ പൊതുരംഗത്ത് വരണമെന്ന് ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുരംഗത്ത് നിന്ന് മാറിനിൽക്കേണ്ട ആളല്ല നിഷ. അവർ നല്ല നിലയിൽ സമൂഹത്തിലും സാമൂഹ്യ സേവനരംഗത്തും പ്രവർത്തിക്കുന്ന വ്യക്തിയാണ്. അവരുടെ പ്രവർത്തനത്തെ കാണുകയും കണ്ട് അറിയുകയും ചെയ്യുന്നവർ അവർ പൊതുരംഗത്ത് വരണമെന്ന് ചിന്തിച്ചാൽ എന്ത് തെറ്റ് പറയാൻ പറ്റുമെന്നും റോഷി അഗസ്റ്റിൻ റിപ്പോർട്ടറിനോട് പറഞ്ഞു. നിഷ മത്സരരംഗത്ത് ഇറങ്ങുന്ന കാര്യത്തിൽ പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കുമെന്നും നിഷയുമായി പ്രശ്നങ്ങളില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
പാലാ മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാൻ നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. നിഷയിലൂടെ കൂടുതൽ സ്ത്രീ വോട്ടുകൾ സമാഹരിക്കാമെന്നും ഇതുവഴി മണ്ഡലം തിരിച്ചുപിടിക്കാമെന്നുമാണ് കേരള കോൺഗ്രസ് എം കണക്കുകൂട്ടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ സജീവസാന്നിധ്യമായി നിഷ രംഗത്തുണ്ട്.
എന്നാൽ നിഷയുടെ സ്ഥാനാർത്ഥിത്വം മുന്നിൽ കണ്ടാണ് റോഷി അഗസ്റ്റിൻ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയായി നിർദേശിച്ചതെന്നായിരുന്നു ഉയർന്ന ആരോപണം. പാലായിൽ പാർട്ടി ചെയർമാൻ തന്നെ മത്സരിക്കുമെന്നായിരുന്നു റോഷി ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. ജോസ് കെ മാണി സംസാരിക്കുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങിയായിരുന്നു പാലായില്‍ ആര് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റോഷി അഗസ്റ്റിന് ജോസ് കെ മാണിയുടെ പേര് നിർദേശിച്ചത്. തൊട്ടടുത്ത ദിവസവും പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന് ആവർത്തിച്ചിരുന്നു. എന്നാൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
Content Highlights: Minister Roshy Augustine reacts on Nisha Jose K mani's Candidacy Rumor's at Pala, he says kerala congress m chairman will decide