കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മുരാരി തന്ത്രി എന്ന രാജൻ ബാബുവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ എത്തിച്ച മുറിയിൽ ഉൾപ്പെടെ പ്രതിയുമായി തെളിവെടുപ്പ് നടത്തി. ബാധ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പെൺകുട്ടി തലയിടിച്ച് വീണതെന്ന് മുരാരി തന്ത്രി തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞു. എന്നാൽ അടച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കൽ എന്നായിരുന്നു പൊലീസിൻ്റെ മറുചോദ്യം. ഇതിന് മുരാരി തന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല.
അതേസമയം കേസിൽ തന്നെ കുടുക്കിയതാണെന്ന് മുരാരി തന്ത്രി ആവർത്തിച്ചു.. ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടക്കുകയാണ്.
ബാധ ഒഴിപ്പിക്കാനായി കൊല്ലം പുത്തൂരിലെ രാജൻ ബാബുവിന്റെ ജ്യോതിഷാലയത്തിൽ അമ്മയ്ക്കൊപ്പം എത്തിയ 16കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. അമ്മയെ മുറിയുടെ പുറത്തിരുത്തിയ പ്രതി, പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ച് പുറത്തേക്ക് ഓടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ ഇതേ സമയം പ്രതി വീടിന്റെ പുറകുവശംവഴി ഓടി രക്ഷപ്പെട്ടിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടാനായത്.
മുരാരി തന്ത്രി പെൺകുട്ടിയെ ക്രൂരമായി മർദിച്ചുവെന്നും പൂജാമുറിയെന്ന പേരിൽ ഇയാൾ പെൺകുട്ടിയെ കൊണ്ടുപോയത് കിടപ്പുമുറിയിലേക്കായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. കിടപ്പുമുറിക്കുള്ളിൽ രക്തക്കറയും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഒരു മണിക്കൂറോളം തന്ത്രി പെൺകുട്ടിയെ റൂമിൽ അടച്ചിട്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പൂജയ്ക്കെന്ന പേരിൽ മുറിയിലേക്ക് പെൺകുട്ടിയെ ഒറ്റയ്ക്ക് വിടാൻ അമ്മ വിസമ്മതിച്ചെങ്കിലും പ്രതിയുടെ അമ്മയും ഭാര്യയും ചേർന്ന് പെൺകുട്ടിയുടെ അമ്മയെ നിർബന്ധിക്കുകയായിരുന്നു. റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമത്തിൽ സജീവമാണ് മുരാരി തന്ത്രി.
Content Highlights: murari thanthri, an astrologer famous by reels in social media, who tried to misbehave with young girl Police conducted evidence collection with the accused