പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്നുള്ള രാജി ആരെയും സമ്മർദത്തിൽ ആക്കാനല്ലെന്ന് പി കെ ശശി. സമ്മർദങ്ങളിൽ സിപിഐഎം വീഴുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പിന്നീട് വ്യക്തമാക്കും. രാജി സർക്കാർ സ്വീകരിക്കും. സ്വമനസാലെ രാജിവെക്കുന്നു എന്നാണ് സർക്കാരിനെ അറിയിച്ചിട്ടുള്ളത്. ആരുടെയും നിർദേശപ്രകാരമല്ല രാജിയെന്നും ശശി വ്യക്തമാക്കി.
വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്നലെ ഉച്ചയോടെ രാജി സമർപ്പിച്ചത്. ടൂറിസം വകുപ്പ് മന്ത്രിക്കും ടൂറിസം ഡയറക്ടർക്കും സെക്രട്ടറിക്കുമാണ് രാജിക്കത്ത് നൽകിയത്. അത് കെടിഡിസിയുടെ ചെയർമാൻ സ്ഥാനത്തുനിന്നുള്ള രാജി മാത്രമാണ്. കെടിഡിസിയും പാർട്ടിയും തമ്മിൽ ബന്ധമില്ല. പാർട്ടി മെമ്പറായി തുടരുകയാണിപ്പോൾ, ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സ്വമനസാലെ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് രാജിയെന്ന് രാജിക്കത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. അഞ്ച് വർഷക്കാലത്തെ കെടിഡിസിയിലുള്ള തന്റെ അനുഭവങ്ങൾ ഒരിക്കലും വിസ്മരിക്കാൻ സാധിക്കില്ല. വകുപ്പുമായി ബന്ധപ്പെട്ടവരെല്ലാം ഒരു ടീമായാണ് കെടിഡിസിയെ നയിച്ചത്. അതിന്റെ ഗുണമാണ് തുടർച്ചയായി രണ്ട് വർഷങ്ങളിൽ കെടിഡിസി നേടിയ ലാഭം. ആ ചാരിതാർത്ഥ്യത്തോടെയാണ് ചെയർമാൻ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നതെന്നും പി കെ ശശി പറഞ്ഞു.
സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്നതിനിടെയാണ് പി കെ ശശി കെടിഡിസി ചെയര്മാന് സ്ഥാനത്ത് നിന്ന് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് സ്ഥാനം രാജിവെയ്ക്കുന്നതെന്ന് പി കെ ശശി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. രാജിക്കത്ത് ഇന്നലെയാണ് കൈമാറിയതെന്നും സിപിഐഎമ്മുകാരനായി തുടരുമെന്നും വ്യക്തമാക്കിയിരുന്നു. അതിനിടെ പി കെ ശശി യുഡിഎഫ് നേതാക്കളെ കണ്ടു എന്നുള്ള വിവരവും പുറത്തുവന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെയാണ് കണ്ടത്. രണ്ട് ദിവസം മുന്‍പായിരുന്നു കൂടിക്കാഴ്ച. ഇതോടെ പി കെ ശശി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.
Content Highlights: P K Sasi has resigned from the position of chairman of the Kerala Tourism Development Corporation he says its Voluntary resignation