'ലക്ഷക്കണക്കിന് രൂപ പെൻഷനും ഡീസലിനുള്ള കൂപ്പണും കിട്ടി, വാഹനം കിട്ടാത്തതിന്റെ പേരിൽ പാർട്ടി മാറുന്നത് ആദ്യം'

'സഞ്ചരിക്കാന്‍ കാര്‍ അനുവദിച്ചില്ല എന്നതുകൊണ്ട് മാറിയെന്നാണ് ഐഷ പോറ്റി പറയുന്നത്'

കൊല്ലം: പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ ഐഷ പോറ്റിക്കെതിരെ സിപിഐഎം കൊല്ലം ആക്ടിങ് സെക്രട്ടറി എസ് ജയമോഹന്‍. ആദ്യമായിട്ടാണ് വാഹനം കിട്ടാത്തതിന്‍റെ പേരില്‍ ഒരാള്‍ പാര്‍ട്ടി മാറുന്നതെന്ന് ജയമോഹന്‍ പരിഹസിച്ചു. ഐഷാ പോറ്റിക്ക് പാര്‍ട്ടി എല്ലാ ആനുകൂല്യങ്ങളും അവസരങ്ങളും നല്‍കിയിട്ടുണ്ട്. വാഹനം കിട്ടാത്തതിന്റെ പേരില്‍ പാര്‍ട്ടി മാറിയ ആളെ സ്ഥാനാര്‍ത്ഥിയാക്കുന്ന കോണ്‍ഗ്രസ് എന്ത് ആശയമാണ് മുന്നോട്ടുവെക്കുന്നതെന്നും ജയമോഹന്‍ ചോദിച്ചു.

സഞ്ചരിക്കാന്‍ കാര്‍ അനുവദിച്ചില്ല എന്നതുകൊണ്ട് മാറിയെന്നാണ് ഐഷ പോറ്റി പറയുന്നത്. ഒരു രാഷ്ട്രീയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും മാറും. നിന്ന പാര്‍ട്ടി ഇത്രയും സൗകര്യങ്ങളെല്ലാം കൊടുത്തു. ലക്ഷക്കണക്കിന് രൂപ പെന്‍ഷനും ഡീസല്‍ അടിക്കാനുള്ള കൂപ്പണുമെല്ലാം കിട്ടി. ഇത്രയും സൗകര്യങ്ങള്‍ ലഭിച്ച ഒരാള്‍ വാഹനം കിട്ടിയില്ല എന്ന കാരണത്താല്‍ പാര്‍ട്ടിയില്‍ നിന്ന് മാറുകയും വാഹനം കിട്ടാത്തതിന് മാറിയ ഒരാളെ അപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നതൊക്കെ രാഷ്ട്രീയം മലീമസമാക്കാനെ ഉപകരിക്കുകയുള്ളൂവെന്ന് ജയമോഹന്‍ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന ഐഷ പോറ്റി ഈയിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എയായിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ലഭിക്കുമെന്ന് കരുതിയിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു.

Content Highlights: cpim leader s jayamohan against p aisha potty

To advertise here,contact us