ട്വന്റി-20യിൽ വീണ്ടും കൂടുമാറ്റം; ഐക്കരനാട്,കുന്നത്തുനാട് പഞ്ചായത്തുകളിലെ പ്രാദേശിക നേതാക്കൾ കോൺഗ്രസിൽ ചേർന്നു

എന്‍ഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം

കൊച്ചി: ട്വന്റി 20 എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെ പാർട്ടി വിട്ട് ഒരു വിഭാഗം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളിലെ പ്രാദേശിക നേതാക്കളാണ് ട്വന്റി-20 വിട്ട് കോൺഗ്രസിൽ ചേർന്നത്. എന്‍ഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് പാർട്ടി വിട്ടവർ വ്യക്തമാക്കി. കൂടുതൽ പേർ ഒപ്പം വരുമെന്നും ഇവർ അവകാശപ്പെട്ടു.

പാലക്കാട് മുതലമടയിലും സാബു എം ജേക്കബിന്റെ ട്വന്റി 20യുമായുള്ള ബന്ധം പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. ഇതോടെ മുതലമട പഞ്ചായത്തില്‍ രൂപീകരിച്ച ട്വന്റി 20 നെന്മാറ മണ്ഡലം കമ്മിറ്റി ഇല്ലാതായി. പഴയതുപോലെ ജനകീയ വികസന മുന്നണിയായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. സാബു എം ജേക്കബ് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എന്‍ഡിഎയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചതെന്ന് പാലക്കാട്ടെ നേതാക്കള്‍ പറഞ്ഞു.

ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം സാബു എം ജേക്കബിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നതിനിടെയാണെന്ന വിമർശനം വ്യാപകമായിട്ടുണ്ട്. ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ടർ ടിവിയായിരുന്നു പുറത്തുവിട്ടത്. കോടികളുടെ വിദേശ നിക്ഷേപത്തില്‍ സാബു എം ജേക്കബിനെതിരെ ഫെമ ചട്ടലംഘനത്തില്‍ ഇ ഡി കേസ് എടുത്തിരുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ലെന്നുമായിരുന്നു റിപ്പോർട്ട്.

Content Highlight : After Twenty20 became part of the NDA alliance, a group of workers left the party and joined Congress. Local leaders from Aikaranad and Kunnathunad panchayats left Twenty20 and joined Congress.

To advertise here,contact us