വർഗവഞ്ചക എന്ന് വിളിക്കുന്നവർ CPIMലേക്ക് വന്ന സരിന്‍റെയും ശോഭന ജോർജിന്‍റെയും കാര്യം ഓർക്കണം: ഐഷ പോറ്റി

സിപിഐഎം നേതാക്കളുടെ വിമർശനങ്ങളിലായിരുന്നു ഐഷ പോറ്റിയുടെ മറുപടി

തിരുവനന്തപുരം: സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി. വർഗവഞ്ചക എന്ന് വിളിക്കുന്നവർ മറ്റ് പാർട്ടിയിൽ നിന്ന് സിപിഐഎമ്മിലേക്ക് വന്ന സരിന്റേയും ശോഭന ജോർജിന്റെയും കാര്യം ഓർക്കണമെന്നായിരുന്നു ഐഷ പോറ്റിയുടെ പ്രതികരണം.

പാർട്ടി വിട്ട ഐഷ പോറ്റിയെ സിപിഐഎം നേതാവും മന്ത്രിയുമായ വി എൻ വാസവനും മുൻ മന്ത്രിമാരായ തോമസ് ഐസക്കും ജെ മേഴ്‌സിക്കുട്ടിയമ്മയും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം. കൂടുതൽ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തനിക്ക് എല്ലാം തന്നെന്ന് പറഞ്ഞ പാർട്ടി ഇന്നില്ലെന്നും ഐഷ പോറ്റി പറഞ്ഞു. പാർട്ടി സ്ഥാനങ്ങൾ തന്നാൽ മാത്രം പോര. നല്ല അഭിപ്രായം നേടണമെങ്കിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്നും കേരള പ്രദേശ് ഗാന്ധിദർശൻ പരിപാടിയിലെ വേദിയിൽ ഐഷ പോറ്റി പറഞ്ഞു.

ഐഷ പോറ്റി വർഗവഞ്ചകയാണ് എന്നായിരുന്നു തോമസ് ഐസക് പറഞ്ഞത്. സിപിഐഎമ്മാണ് ശരിയെന്നും പാർട്ടി വിട്ട് പോകുന്നവർ തെറ്റായ വഴിയിലാണെന്നും തോമസ് ഐസക് പറഞ്ഞിരുന്നു. ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനമാണെന്നായിരുന്നു മന്ത്രി വി എൻ വാസവന്റെ പ്രതികരണം. വർഗവഞ്ചനയാണ് ഐഷ പോറ്റി ചെയ്തതെന്നും സ്ഥാനമാനങ്ങളോടുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമോ അതാണ് അവർ കാണിച്ചിരിക്കുന്നതെന്നുമായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ വിമർശനം.

മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന ഐഷ പോറ്റി ഇന്നലെയാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. കോൺഗ്രസിന്റെ ഒരു പ്രതിഷേധ പരിപാടിയിൽവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസിന്റെ ഷാൾ അണിയിച്ച് ഐഷ പോറ്റിയെ സ്വീകരിക്കുകയായിരുന്നു. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎയായിരുന്നു ഐഷ പോറ്റി. തുടർച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിർത്താനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാൽ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാർട്ടിയുമായി അകലുകയായിരുന്നു.

Content Highlights : Former MLA from Aisha Potty, responds to the criticism that arose after leaving CPIM and joining Congress

To advertise here,contact us