കെ കെ ശൈലജയും ഷാഫി പറമ്പിലും കെ ടി ജലീലും നേരിട്ടിറങ്ങി; ഒടുവിൽ വിഴിഞ്ഞം പിടിച്ച് യുഡിഎഫ്

2015 മുതൽ എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റായിരുന്നു വിഴിഞ്ഞം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് തിരിച്ച് പിടിച്ച് യുഡിഎഫ്. 2015 മുതല്‍ എല്‍ഡിഎഫിനൊപ്പം നിന്ന വിഴിഞ്ഞം ഇത്തവണ യുഡിഎഫിനെ തുണച്ചു. തിരുവനന്തപുരം കോർപ്പറേഷൻ നഷ്ടപ്പെട്ടതിന് പിന്നാലെ വിഴിഞ്ഞം കൂടി കൈവിട്ടത് എൽഡിഎഫിന് കനത്ത ആഘാതമായി. 2015ല്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. 2015ലും 2020ലും പ്രാദേശിക നേതാവ് എന്‍ എ നൗഷാദിനെ കളത്തിലിറക്കിയാണ് സിപിഐഎം വാര്‍ഡ് തിരിച്ചുപിടിച്ചതും നിലനിര്‍ത്തിയതും. എന്നാല്‍ കോര്‍പ്പറേഷനില്‍ മൊത്തത്തിലുണ്ടായ ക്ഷീണം വിഴിഞ്ഞം വാര്‍ഡിലും പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തൽ.

വിഴിഞ്ഞത് എല്‍ഡിഎഫിന് വേണ്ടി കെ കെ ശൈലജയും കെ ടി ജലീലും പ്രചരണത്തിനെത്തിയിരുന്നതും വലിയ ശ്രദ്ധേയമായിരുന്നു. ഷാഫി പറമ്പിലിനെയായിരുന്നു പ്രചാരണത്തിനായി യുഡിഎഫ് രംഗത്ത് ഇറക്കിയത്. യുഡിഎഫിന്റെ കെ എച്ച് സുധീര്‍ ഖാന്‍ 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിഴിഞ്ഞത്ത് വിജയിച്ചത്. കെ എച്ച് സുധീര്‍ഖാന്‍ 2,902 വോട്ടുകളും എന്‍ എ നൗഷാദ് 2,819 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി സര്‍വശക്തിപുരം ബിനു 2437 വോട്ടുകളും നേടി.

ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന് 20 സീറ്റായി. നിലവില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി കോർപ്പറേഷൻ ഭരണം പിടിച്ച ബിജെപി വിഴിഞ്ഞത്ത് വിജയിച്ചാല്‍ സ്വന്തം നിലയില്‍ കേവലഭൂരിപക്ഷത്തിലെത്താമായിരുന്നു. എന്നാല്‍ അതുണ്ടായില്ല എന്നത് ബിജെപിക്കും നിരാശമാണ്.

ഇടത്- വലത് മുന്നണികള്‍ക്ക് ഭീഷണിയായി വിമതന്മാരും മത്സരിച്ചിരുന്നു. മുന്‍ കൗണ്‍സിലര്‍ എന്‍ എ റഷീദ് സിപിഐഎം വിമതനായും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹിസാന്‍ ഹുസൈന്‍ കോണ്‍ഗ്രസ് വിമതനായും മത്സരിച്ചു. എന്‍ എ റഷീദ് 118 വോട്ട് പിടിച്ചതും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി. സ്വതന്ത്രസ്ഥാനാര്‍ത്ഥി അപകടത്തില്‍പ്പെട്ട് ചികിത്സയിലിക്കെ മരിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വോട്ടെടുപ്പിന്റെ തലേദിവസമായിരുന്നു മരണം.

66.9 ശതമാനമായിരുന്നു വിഴിഞ്ഞത്തെ പോളിംങ്. 13,305 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 8,912 വോട്ടുകള്‍ പോള്‍ ചെയ്തുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 4,312 പുരുഷന്‍മാരും 4,599 സ്ത്രീകളും ഒരു ട്രാന്‍സ് ജെന്‍ഡറുമാണ് വോട്ടു രേഖപ്പെടുത്താനെത്തിയത്.

Content Highlights: The Left Democratic Front suffered a defeat in the Vizhinjam ward of Thiruvananthapuram Corporation in the latest local body election

To advertise here,contact us