'ഞാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലത്തെ സിപിഐഎം അല്ല ഇപ്പോൾ, ആകെ മാറിപ്പോയി'; ഐഷ പോറ്റി

സൈബർ ആക്രമണങ്ങളെ ഭയക്കുന്നില്ല, സഖാക്കളോട് സ്നേഹമേയുള്ളൂവെന്നും ഐഷ പോറ്റി

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് കാലത്തെ സിപിഐഎം ബന്ധം അവസാനിപ്പിച്ചെന്നും സൈബർ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്നും കോൺഗ്രസിൽ ചേർന്ന മുതിർന്ന സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി. താൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലത്തെ പാർട്ടി അല്ല ഇപ്പോൾ ഉള്ളതെന്നും അതൊക്കെ മാറിപ്പോയി എന്നും ഐഷ പോറ്റി വ്യക്തമാക്കി.

'സഖാക്കൾ വിചാരിക്കും പത്തിരുപത്തിയഞ്ച് വർഷം ജനപ്രതിനിധിയായി ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നിട്ടും വർഗവഞ്ചകിയായി ആ പാർട്ടി വിട്ട് ഐഷ പോറ്റി പോയെന്ന്. എന്റെ പ്രിയപ്പെട്ട സഖാക്കൾക്ക് എന്നോട് ദേഷ്യം വരും. എന്നാൽ നിങ്ങളോടെല്ലാം തനിക്ക് സ്‌നേഹമേയുള്ളൂ. എത്ര നിങ്ങൾ വിമർശിച്ചാലും താൻ ശക്തയാകുകയേ ഉള്ളൂ', എന്നും ഐഷ പോറ്റി പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ മോശമായ ഭാഷയിലടക്കം വിമർശനങ്ങളും ആക്രമണങ്ങളും ഉണ്ടായേക്കും. എന്നാൽ ഒന്നിനെയും ഒട്ടും ഭയക്കുന്നില്ല. വിമർശനങ്ങളാണ് ഇത്രത്തോളം തന്നെ എത്തിച്ചത്. താൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലത്തെ പാർട്ടി അല്ല ഇപ്പോൾ ഉള്ളത്. അതൊക്കെ മാറിപ്പോയി എന്ന് തുറന്നുപറയുകയാണ്. ഇതെല്ലാം പറയുമ്പോൾ സഖാക്കൾ ദേഷ്യം വന്നേക്കാം. വിമർശനങ്ങളെ സന്തോഷത്തോടെ നേരിടുന്നു. ഒരു മനുഷ്യനോടും മിണ്ടാൻ പോലും ധൈര്യം ഇല്ലാതിരുന്ന തന്നെ ഇത്രത്തോളം വളരാൻ ആദ്യമുണ്ടായിരുന്ന പ്രസ്ഥാനം ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നാൽ അതിലേറെ ദുഃഖവും തന്നിട്ടുണ്ടെന്നും ഐഷ പോറ്റി പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിലേക്ക് ക്ഷണിച്ചതിനാലാണ് പോയത്. മുൻ മുഖ്യമന്ത്രിയും അത്രയും ബഹുമാനവുമുള്ള നേതാവായിരുന്നു അദ്ദേഹം. ഏത് മനുഷ്യനും മന്ത്രിയും നേതാവുമായാലും മനുഷ്യരോട് സത്യസന്ധമായി പെരുമാറുന്നതിന് പ്രശ്‌നമുണ്ടോ. താൻ അധികാരമോഹിയല്ല. രാഷ്ട്രീയമോ മതമോ നോക്കാതെ പ്രവർത്തിക്കും. എല്ലാക്കാലത്തും ഇതുപോലെ ജനങ്ങൾക്കൊപ്പമുണ്ടാകും. തനിക്ക് മറ്റൊന്നും വേണ്ടെ. ആർക്കും ദേഷ്യം തോന്നണ്ട കാര്യമില്ല. വക്കീൽ ഓഫീസിൽ ഒതുങ്ങി കഴിയേണ്ട ആളല്ലെന്ന് ഒരുപാട് പേർ പറഞ്ഞു. പലരും ഉപദേശിച്ച് ഉപദേശിച്ചാണ് ഞാൻ ഒരു തീരുമാനത്തിൽ എത്തിയത്. മന്ത്രിയാകണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അതൃപ്തി മുഖ്യമന്ത്രിയോട് സഹിതം പറഞ്ഞു എന്നിട്ടും പരിഹാരം കണ്ടില്ല. ക്ഷമയ്ക്ക് ഒരു പരിധി ഉണ്ട്. ഒന്നും പ്രതീക്ഷിച്ചല്ല കോൺഗ്രസിൽ ചേർന്നതെന്നും ഐഷ പോറ്റി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. കൊട്ടാരക്കര മുൻ എംഎഎ ആയ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിക്കുകയായിരുന്നു. കൊട്ടാരക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രാസംഗികയായി എത്തിയത് മുതല്‍ ഐഷ പോറ്റി സിപിഐഎം വിടുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് ആ വാര്‍ത്തകള്‍ നിഷേധിച്ച ഐഷ പോറ്റി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ പാര്‍ട്ടി വിടുകയായിരുന്നു.മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എയായി ഐഷ പോറ്റി തെരഞ്ഞെടുക്കപ്പെട്ടു.

2006ല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചാണ് ഐഷ പോറ്റി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2011ല്‍ തന്റെ ഭൂരിപക്ഷം 20,592 ആയി വര്‍ധിപ്പിച്ചു. 2016ലും 42,632 എന്ന വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. കഴിഞ്ഞ തവണ കെ എന്‍ ബാലഗോപാലിനെ മത്സരിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ചതോടെ നേതൃത്വത്തോട് ഇടയുകയും അസ്വാരസ്യങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു.

Content Highlights:‌ Aisha Potty says she has ended her three decade relationship with CPIM and is not afraid of cyber attacks

To advertise here,contact us