ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില് ഡയാലിസിസ് രോഗി മരിച്ച സംഭവത്തില് ആശുപത്രി അധികൃതര്ക്കെതിരെ കേസ്. ഹരിപ്പാട് സ്വദേശി രാമചന്ദ്രന്റെ മരണത്തിലാണ് പൊലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാര് എന്നിവര്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാമചന്ദ്രന്റെ ബന്ധുക്കളുടെ പരാതിയിലാണ് കേസ്.
ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ചാണ് ആശുപത്രി അധികൃതര്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിഎന്എസ്125, 106(1) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില് പുതിയ മെഡിക്കല് ബോര്ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ഡയാലിസിസ് രോഗികളുടെ മരണത്തിന്റെ കാരണം അണുബാധയും രക്തസമ്മര്ദം അപകടകരമായ നിലയില് താഴ്ന്നതുമാണെന്ന് സ്ഥിരീകരിച്ച് ഡിഎംഒ രംഗത്തെത്തിയിരുന്നു. രണ്ട് ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തില് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ പ്രാഥമിക റിപ്പോര്ട്ട് നല്കിയിരുന്നു. ഡയാലിസിസിന് ഉപയോഗിക്കുന്ന വെള്ളവും മരുന്നും പരിശോധനയ്ക്ക് അയച്ചിരുന്നു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയില് ഡയാലിസിസ് വിധേയരാക്കിയ രണ്ട് രോഗികള് മരിച്ചിരുന്നു. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്(60) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മരണത്തിന് പിന്നാലെ നല്കിയ പരാതിയില് ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടിയിരുന്നു.സംഭവത്തില് അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞിരുന്നു.
Content Highlight; Police have registered case against the authorities of Haripad Taluk Hospital after the deaths of dialysis patients.