ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്‍ അന്തരിച്ചു

കേസിലെ പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തനും ജയിലില്‍ കഴിയവെയാണ് മരിച്ചത്

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതിയും സിപിഐഎം ഒഞ്ചിയം മുന്‍ ഏരിയ കമ്മിറ്റി അംഗവുമായ കെ കെ കൃഷ്ണന്‍ അന്തരിച്ചു. 79 വയസായിരുന്നു. ജീവപര്യന്തം തടവിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കൃഷ്ണന്‍ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതിയായ കെ കെ കൃഷ്ണനെ വിചാരണാ കോടതി വെറുതെ വിട്ടിരുന്നു. ഇത് റദ്ദാക്കി ഗൂഢാലോചന കേസ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി കൃഷ്ണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രോസിക്യൂഷന്റെയും കെ കെ രമയുടെയും അപ്പീല്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. കേസിലെ പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തനും ജയിലില്‍ കഴിയവെയാണ് മരിച്ചത്.

വടകര ബ്ലോക്ക് മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് അന്തരിച്ച കെ കെ കൃഷ്ണന്‍. കര്‍ഷണസംഘം ജില്ലാ കമ്മിറ്റിയംഗം, സിപിഐഎം ഏറാമല ലോക്കല്‍ കമ്മിറ്റിയംഗം, പുറമേരി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതരായ ബാപ്പു, കല്യാണി എന്നിവരാണ് മാതാപിതാക്കള്‍. സുസ്മി, സുമേഷ്, സുജീഷ് എന്നിവരാണ് മക്കള്‍.

Content Highlights: K.K. Krishnan, the tenth accused in the TP Chandrasekharan murder case, passes away

To advertise here,contact us