'ഇറാഖ് ട്രംപിൻ്റെ 'ഉപകരണം' ആകരുത്'; ബാഗ്ദാദിന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവിൻ്റെ ഉപദേഷ്ടാവ്

തന്ത്രപ്രധാനമായ വിഷയങ്ങളിൽ ചർച്ച നടത്തുന്നതിനായി ഇറാഖിന്റെ ഉന്നതതല സുരക്ഷാ പ്രതിനിധി സംഘം ടെഹ്‌റാനിലെത്തി

മുഹമ്മദ് മുഖ്ബർ/ അലി അൽ സൈദി

തെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ഉപകരണം' ആയി ഇറാഖ് മാറരുതെന്ന മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് മുഹമ്മദ് മുഖ്ബർ. ഇറാഖ് പ്രധാനമന്ത്രി അലി അൽ സൈദിയുടെ നടപടികളെ ട്രംപ് വെള്ളിയാഴ്ച പ്രശംസിച്ചതിന് പിന്നാലെയാണ് മുഖ്ബറിന്റെ മുന്നറിയിപ്പ്. ഇറാഖിൽ നിന്നുള്ള എണ്ണക്കടത്ത് തടയുക, അഴിമതി അവസാനിപ്പിക്കുക, രാജ്യത്തെ എല്ലാ ആയുധങ്ങളും സർക്കാരിന്റെ മാത്രം നിയന്ത്രണത്തിലാക്കുക തുടങ്ങിയ നടപടികളാണ് അലി അൽ സൈദി സ്വീകരിക്കുന്നതെന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റിൻ്റെ പ്രശംസ. കുർദിസ്ഥാൻ പ്രവിശ്യാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരുന്ന സിറിയയുമായും ഇറാനുമായുമുള്ള അതിർത്തി പങ്കിടുന്ന കേന്ദ്രങ്ങൾ എണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തെത്തുടർന്ന് ഇറാഖ് അതിർത്തി സേന ബുധനാഴ്ച അടച്ചിരുന്നു.

'ഏറ്റവും ഇരുണ്ട പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഇറാൻ ഇറാഖിലെ ജനങ്ങൾക്കൊപ്പം എല്ലാ കരുത്തോടെയും നിലകൊള്ളുകയും സൗഹൃദം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ തകർക്കാനാകാത്ത ബന്ധം കണക്കിലെടുത്ത്, അതിർത്തി വിഷയങ്ങളിൽ ബാഗ്ദാദ് ജാഗ്രത പുലർത്തണം. ഇസ്‌ലാമിന്റെ ശത്രുക്കളുടെ കൈകളിലെ ഉപകരണമായോ കുറ്റവാളിയായ ട്രംപിന്റെ നയങ്ങൾ നടപ്പാക്കാനുള്ള ഉപാധിയായോ ഇറാഖ് മാറരുത്' എന്നായിരുന്നു മുഹമ്മദ് മുഖ്ബർ എക്സിൽ പ്രതികരിച്ചത്.

ഇതിനിടെ തന്ത്രപ്രധാനമായ വിഷയങ്ങളിൽ ചർച്ച നടത്തുന്നതിനായി ഇറാഖിന്റെ ഉന്നതതല സുരക്ഷാ പ്രതിനിധി സംഘം ടെഹ്‌റാനിലെത്തി. ഇറാനിലെ ഇറാഖ് അംബാസഡറാണ് ഇക്കാര്യം അറിയിച്ചത്. എണ്ണക്കടത്ത്, അതിർത്തി നിയന്ത്രണം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചകളിൽ പ്രധാനമായും പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.

അനധികൃത കടത്ത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇറാഖ് സൈന്യത്തിന്റെ എട്ടാമത്തെയും പതിനൊന്നാമത്തെയും ഡിവിഷനുകളെ കിർകുക്കിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി ഇറാഖ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. സുലൈമാനിയ, നിനവേ, സലാഹുദ്ദീൻ എന്നീ മേഖലകളുമായുള്ള കിർകുക്കിന്റെ അതിർത്തി പ്രദേശങ്ങളിലായിരിക്കും സൈനിക വിന്യാസം വ്യാപിപ്പിക്കുക. ഔദ്യോഗികമല്ലാത്ത വഴികളിലൂടെയുള്ള കടത്ത് തടയുന്നതിനാണ് സൈന്യത്തിന്റെ പ്രധാന ശ്രദ്ധയെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Content Highlights: An adviser to Iran's Supreme Leader has warned Baghdad against becoming a 'tool of Trump', amid growing tensions over US influence in Iraq and regional political developments.

To advertise here,contact us