വാഷിങ്ടണ്‍: ഇറാനുമായി ഒരു 'സ്ഥിരമായ' കരാര്‍ ഉണ്ടാക്കാന്‍ അമേരിക്ക ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭാവിയില്‍ വരുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റിനും തെഹ്റാന് ആണവായുധം സ്വന്തമാക്കാന്‍ അനുവാദം നല്കാന് കഴിയാത്തവിധം ഈ കരാര്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഫോക്സ് ന്യൂസിന് (Fox News) നല്കിയ ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വിശദീകരിച്ചത്. കരാറുകള്‍ പാലിക്കുന്നതില്‍ ഇറാന് ഉണ്ടാകുന്ന തുടര്‍ച്ചയായ പരാജയങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
'നാം ഒരു കരാറുണ്ടാക്കുന്നു, എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അവര്‍ അത് ലംഘിക്കുന്നു' എന്ന് ആരോപിച്ച ട്രംപ്, വരും വര്‍ഷങ്ങളില്‍ വൈറ്റ് ഹൗസില്‍ ആര് അധികാരത്തിലെത്തിയാലും ഇറാന് ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കാത്ത രീതിയിലുള്ള ധാരണയാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി.
ഭാവിയില്‍ അധികാരത്തില്‍ വന്നേക്കാവുന്ന ഭരണകൂടങ്ങള്‍ക്ക് കരാറില്‍ നിന്ന് പിന്നോട്ടുപോകാനോ ഇറാന് ആണവായുധം നേടാന്‍ അവസരമൊരുക്കാനോ സാധിക്കാത്ത വിധത്തിലാണ് താന്‍ സ്ഥിരമായ കരാര്‍ രൂപകല്പന ചെയ്യുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. നാലോ പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് ശേഷം യോഗ്യതയില്ലാത്ത ഒരു പ്രസിഡന്റ് വന്നാലും മാറ്റാന്‍ കഴിയാത്ത തരം കരാറായിരിക്കും ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെഹ്റാനില്‍ ഒരു ഭരണമാറ്റത്തിനാണോ (regime change) വാഷിങ്ടണ്‍ ശ്രമിക്കുന്നത് എന്ന ചോദ്യങ്ങള്‍ക്കും ട്രംപ് മറുപടി നല്കി. തന്റെ ഭരണകൂടം ഇതിനകം ഇറാനിലെ തുടര്‍ച്ചയായ മൂന്ന് നേതൃത്വ ഗ്രൂപ്പുകളുമായി ഇടപഴകിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ ഇപ്പോള്‍ മൂന്നാമത്തെ ഗ്രൂപ്പുമായിട്ടാണ് ഇടപാടുകള്‍ നടത്തുന്നത്; അതിനെ വേണമെങ്കില്‍ അന്തിമ ഭരണമാറ്റം (ultimate regime change) എന്ന് വിളിക്കാം' ട്രംപ് അഭിപ്രായപ്പെട്ടു. നിലവിലുള്ള ഇറാനിയന്‍ നേതാക്കള്‍ മുന്പുള്ളവരേക്കാള് 'കൂടുതല്‍ യുക്തിസഹമായി സംസാരിക്കുന്നവരായിരിക്കാം' (more reasonable), എങ്കിലും അവരുമായി ചര്‍ച്ചകള്‍ നടത്തുന്നത് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: US President Donald Trump says Washington aims to reach a permanent agreement with Iran that would prevent any future American president from allowing Tehran to acquire nuclear weapons. Trump alleges that Iran has repeatedly violated previous agreements and insists that the proposed deal should remain binding on future administrations. He also claims that his administration has engaged with three successive groups of Iranian leaders, describing the current leadership as potentially more reasonable while acknowledging that negotiations remain difficult.