ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന് സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്സ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. പലസ്തീന് സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാകണമെന്ന് ബ്രിക്സ് ആവര്‍ത്തിച്ചു. ഗാസ മുനമ്പില്‍ നിന്ന് പലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇസ്രയേലിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് ബ്രിക്സ് അംഗീകരിച്ച പ്രമേയം. ഗാസയില്‍ മാനുഷിക സഹായം ഉറപ്പാക്കണമെന്നും ജറുസലേമിന്റെ ഘടന മാറ്റാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രസ്താവനയിലുണ്ട്. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും സൈനികേതര ആണവ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ഉച്ചകോടി അപലപിച്ചു.
2025 ൽ നടന്ന പഹൽഗാം ആക്രമണത്തെയും ബ്രിക്സ് രാജ്യങ്ങൾ ശക്തമായ ഭാഷയിൽ അപലപിച്ചു. എല്ലാത്തരം ഭീകരവാദത്തെയും ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടങ്ങളിൽ ഇരട്ടത്താപ്പ് ഒഴിവാക്കണം. സീറോ ടോളറൻസ് നിലപാട് സ്വീകരിക്കണം. അതിർത്തി കടന്നുള്ള ഭീകരവാദം, അതിനുള്ള സാമ്പത്തിക സഹായം, സുരക്ഷിത താവളങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്കയും ഉച്ചകോടി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തില്‍ കടന്നുകയറരുതെന്ന് പ്രസ്താവനയിൽ പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരം എല്ലാവരും മാനിക്കണം. ചര്‍ച്ചകള്‍ നടത്തിയും നയതന്ത്ര ഇടപെടല്‍ സാധ്യമാക്കിയും എല്ലാത്തരം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. വ്യാപാരവും കപ്പല്‍ ഗതാഗതവും സുഗമമാക്കണമെന്നും ഏകപക്ഷീയമായ തീരുവ ചുമത്തലും തീരുവ ഇതര നടപടികളും വ്യാപാരത്തെ വികലമാക്കുമെന്ന് അമേരിക്കയെ പരോക്ഷമായി വിമര്‍ശിച്ച് ബ്രിക്സ് ചൂണ്ടിക്കാട്ടി. ശനിയാഴ്ച രാവിലെ നാലുമണി വരെ നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സംയുക്ത പ്രസ്താവനയില്‍ എല്ലാ രാജ്യങ്ങളും സമവായത്തിലെത്തിയത്. സൗദി അറേബ്യ, ഇറാന്, യുഎഇ എന്നീ രാജ്യങ്ങള്‍ തമ്മില്‍ നിലനിന്ന ഭിന്നതകള്‍ മറികടന്നാണ് പ്രഖ്യാപനം സാധ്യമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത്.
അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് എന്നിവയിലെ വികസ്വര രാജ്യങ്ങളുടെ വോട്ടിങ് വിഹിതവും പ്രാതിനിധ്യവും വര്‍ധിപ്പിക്കാനുള്ള ക്വാട്ട പരിഷ്കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് പ്രസ്താവന. യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്കും ബ്രസീലിനും സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യത്തിന് ചൈനയും റഷ്യയും പിന്തുണ ആവര്‍ത്തിച്ചിട്ടുണ്ട്. അംഗരാജ്യങ്ങള്ക്കിടിയിലുള്ള വ്യാപാരങ്ങളില്‍ പ്രാദേശിക കറന്‍സികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ബ്രിക്സ് പേയ്മെന്റ് ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം ശക്തമാക്കാനും ധാരണയായി. അതേസമയം റഷ്യ - യുക്രെയ്ന് സംഘര്‍ഷത്തെ കുറിച്ച് പ്രസ്താവനയിൽ കാര്യമായ പരാമര്‍ശമില്ല.
അതേസമയം ബ്രിക്സ് ആരുടെയെങ്കിലും വിരുദ്ധ ചേരിയല്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഐക്യരാഷ്ട്ര സഭ അടക്കമുള്ള ആഗോള സ്ഥാപനങ്ങള്‍ പൊളിച്ചെഴുതണമെന്ന് പ്രധാന സെഷനില്‍ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ചില രാജ്യങ്ങള്‍ അധികാരം പിടിച്ചുവെച്ചിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായം നല്കുന്ന രാജ്യങ്ങള്‍ക്ക് സാമ്പത്തിക സ്ഥാപനങ്ങളില്‍ വോട്ടവകാശം ഉള്‍പ്പെടെ ഉറപ്പാക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന 18-ാം ബ്രിക്സ് ഉച്ചകോടിയില്‍, ബ്രിക്സിന്റെ 20ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പ്രത്യേക തപാല്‍ സ്റ്റാമ്പുകളും പ്രധാനമന്ത്രി പ്രകാശനം ചെയ്തിരുന്നു.
Content Highlights: The BRICS summit featured marathon discussions, with Palestine and the Pahalgam incident included in the joint statement. The issues were addressed as part of the discussions among BRICS member countries.