ആണവ വിഷയത്തിൽ യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇറാനെതിരെ റിപ്പോർട്ട് ചെയ്യാൻ പ്രമേയം പാസാക്കി ഐഎഇഎ ബോർഡ്

റഷ്യ, ചൈന, നൈജർ എന്നീ രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു

വാഷിങ്ടൺ: ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് (IAEA) അനുമതി നൽകാത്ത ഇറാന്റെ നടപടി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലേക്ക് റിപ്പോർട്ട് ചെയ്യാൻ ഐഎഇഎ ബോർഡ് പ്രമേയം പാസാക്കി. 35 അംഗങ്ങളുള്ള ബോർഡിൽ 23 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മൂന്ന് രാജ്യങ്ങൾ എതിർത്തപ്പോൾ എട്ട് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റഷ്യ, ചൈന, നൈജർ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്.

ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഐഎഇഎയുടെ ബോർഡ് പാസാക്കിയ പ്രമേയത്തെ ഇറാന്റെ യുഎന്നിലെ സ്ഥിരം ദൗത്യം അപലപിച്ചു. ഇത് പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമായ പ്രമേയം ആണെന്നാണ് ഇറാന്റെ പ്രതികരണം. പ്രമേയം പാസാക്കുന്നതിന് മുമ്പ് തന്നെ ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി ഇതിനെ എതിർത്തിരുന്നു. ഐഎഇഎ പരിശോധകർക്ക് ഇറാൻ ആണവ കേന്ദ്രങ്ങളിൽ പ്രവേശനം നിഷേധിച്ചെന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമായവ ആണെന്നാണ് മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ ചേർന്നാണ് പ്രമേയം തയ്യാറാക്കിയത്.

ഇറാനെതിരെ സുരക്ഷാ കൗൺസിൽ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നത് നിലവിൽ വ്യക്തമല്ല. സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളായ ചൈനയ്ക്കും റഷ്യയ്ക്കും വീറ്റോ അധികാരമുള്ളതിനാൽ ഇറാനെതിരായ ഏതെങ്കിലും പ്രമേയം ഇരുരാജ്യങ്ങൾക്കും തടയാനാകും. ഇതിനിടെ ഇറാനെ സുരക്ഷാ കൗൺസിലിലേക്ക് റിപ്പോർട്ട് ചെയ്യാനുള്ള നീക്കത്തെ ചൈനയും റഷ്യയും അപലപിച്ചു. 'സുരക്ഷാ കൗൺസിലിലേക്ക് വിഷയം റിപ്പോർട്ട് ചെയ്യാനുള്ള നീക്കത്തിന് നിയമപരമായ അടിസ്ഥാനമില്ല. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ് ഇതിന്റെ ലക്ഷ്യം. നയതന്ത്രത്തിന് പ്രതിജ്ഞാബദ്ധമാണെന്ന പ്രമേയത്തിലെ പങ്കാളികളുടെ നിലപാടുമായി ഇത് പൊരുത്തപ്പെടുന്നില്ല' എന്നായിരുന്നു സംയുക്ത പ്രസ്താവനയിൽ ചൈന, ഇറാൻ, റഷ്യ എന്നിവർ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഐഎഇഎ പരിശോധനകളുമായി സഹകരിക്കുന്നതിൽ ഇറാൻ വീഴ്ച വരുത്തിയെന്ന കണ്ടെത്തലുകൾ 'രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണ്' എന്നും ചൈന, ഇറാൻ, റഷ്യ എന്നിവർ ആരോപിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളാണ് ഐഎഇഎയ്ക്ക് പരിശോധനയ്ക്ക് അനുമതി നൽകാത്തതിന്റെ പ്രധാന കാരണമെന്നും മൂന്ന് രാജ്യങ്ങളും വ്യക്തമാക്കി. ഇതിന്റെ പ്രത്യാഘാതങ്ങൾ ഉത്തരവാദിത്തത്തോടെ വിലയിരുത്തണമെന്നും പ്രമേയത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ചൈന, ഇറാൻ, റഷ്യ എന്നിവർ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ഇതിനിടെ യൂറോപ്പിലെ വാതകവില ഇന്ന് മെഗാവാട്ട് മണിക്കൂറിന് (MWh) 80 യൂറോ (ഏകദേശം 93 ഡോളർ) കടന്നു. 2023ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. യൂറോപ്പിലെ വാതകവിലയുടെ പ്രധാന ബെഞ്ച്മാർക്കായി കണക്കാക്കപ്പെടുന്ന ഡച്ച് TTF വിപണിയിലെ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വില. ശീതകാലം അടുത്തെത്തുന്നതിനിടെ യൂറോപ്പിലെ വാതക സംഭരണശേഖരം താഴ്ന്ന നിലയിലായതിനാൽ വിലയിലുണ്ടായ പുതിയ കുതിപ്പ് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ശീതകാലത്ത് ഊർജ ആവശ്യകത സാധാരണയായി കുത്തനെ ഉയരുന്നതാണ്. വിതരണ പ്രതിസന്ധിയും വർധിച്ചുവരുന്ന വിലയും കണക്കിലെടുത്ത് മാർച്ചിൽ തന്നെ വാതക സംഭരണം ആരംഭിക്കാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ യുദ്ധത്തെ തുടർന്നാണ് വിതരണ പ്രതിസന്ധിയും വിലവർധനയും ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

Content Highlights: IAEA Board passes a resolution to report Iran to the UN Security Council over concerns about its nuclear programme and inspection access.

To advertise here,contact us