ഓസ്ലോ: പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി നോർവീജിയൻ ഇടതുപക്ഷ പാർട്ടികൾ. പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോയറിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി 169 സീറ്റുകളിൽ 87 സീറ്റുകളിൽ ഭൂരിപക്ഷം നേടി. ''ഞങ്ങളത് നേടി എന്നായിരുന്നുവിജയത്തിന് പിന്നാലെ 65 കാരനായ ജോനാസ് ഗഹറിന്റെ പ്രതികരണം. വോട്ടെണ്ണൽ 99 ശതമാനം പിന്നിട്ടതോടെയാണ് പ്രധാനമന്ത്രി നേരിട്ട് തങ്ങൾ ജയിച്ചെന്ന് അവകാശപ്പെട്ട് ജനങ്ങളെ അഭിസംബോധന ചെയ്ത് രംഗത്തെത്തിയത്. അന്തിമഫലം ഉടനറിയാം.
പിന്തുണച്ച എല്ലാവർക്കും ജോനാസ് ഗഹർ നന്ദിയും അറിയിച്ചു. യൂറോപ്പിൽ വലതുപക്ഷ ശക്തികൾ ഉയർന്നുവരുമ്പോൾ പോലും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികൾക്ക് തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയുമെന്ന് ഈ വിജയം തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ, അഴിമതികൾ, അധികാരത്തിൽ തുടരാനുള്ള നേതൃത്വ അട്ടിമറി ശ്രമം എന്നിവ അതിജീവിച്ചാണ് സ്റ്റോയറിന്റെ രണ്ടാം ഊഴമെന്നതും പ്രത്യേകതയാണ്. പണപ്പെരുപ്പം, പലിശനിരക്കുകൾ ഉയരൽ, നികുതി വെട്ടിപ്പ്, വെളിപ്പെടുത്താത്ത ഓഹരി ഇടപാടുകൾ എന്നിവയെ തുടർന്ന് മന്ത്രിമാർ രാജിവെച്ചിരുന്നു. ഇത്തരത്തിൽ പ്രക്ഷുബ്ധമായ വർഷങ്ങളെയാണ് അധികാരത്തിലിരിക്കെ അദ്ദേഹത്തിന്റെ ലേബർ പാർട്ടി അഭിമുഖീകരിച്ചത്.
അതേസമയം, കൺസർവേറ്റീവ് പാർട്ടിക്ക് 82 സീറ്റുകളാണ് ലഭിച്ചത്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് അവർ കാഴ്ചവെച്ചത്. റഷ്യയുമായി അതിർത്തി പങ്കിടുന്ന വികസിത രാജ്യമാണ് നോർവേ.സ്കാൻഡിനേവിയൻ രാജ്യത്ത് ഏകദേശം 4.3 ദശലക്ഷം ആളുകളാണ് വോട്ടുചെയ്യാൻ യോഗ്യരായിരുന്നത്. 5.6 ദശലക്ഷം ജനങ്ങളുള്ളതും ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നുമായ നോർവേയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ജീവിതച്ചെലവ്, അസമത്വം, പൊതു സേവനങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ്.
Content Highlights: Norway’s Labour party wins election after seeing off populist surge