പാരിസ്: പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില് 78 താരങ്ങള് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 12 കായിക ഇനങ്ങളിലെ താരങ്ങളാണ് ഇന്ത്യയ്ക്കായി മാര്ച്ച് പാസ്റ്റിലടക്കം പങ്കെടുക്കുക. ടെന്നിസ് താരം എ ശരത് കമലും ബാഡ്മിന്റണ് താരം പി വി സിന്ധുവും ദേശീയ പതാകയേന്തും. ആകെ 117 താരങ്ങളാണ് ഇന്ത്യയ്ക്കായി പാരിസ് ഒളിംപിക്സില് പങ്കെടുക്കുന്നത്. നാളെ മത്സരങ്ങളുള്ള താരങ്ങളാണ് ഇന്നത്തെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കുന്നത്.
നാളെ എട്ട് ഇനങ്ങളിലാണ് ഇന്ത്യന് സംഘം മത്സരിക്കാനിറങ്ങുന്നത്. ടെന്നിസ് പുരുഷ ഡബിള്സില് ഇന്ത്യന് മെഡല് പ്രതീക്ഷകളായ രോഹന് ബൊപ്പണ, എന് ശ്രീറാം ബാലാജി സഖ്യം നാളെ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ഉച്ചയ്ക്ക് 3.30നാണ് മത്സരം തുടങ്ങുക. രാത്രി ഒമ്പത് മണിക്ക് ഇന്ത്യന് ഹോക്കി ടീം ന്യൂസിലന്ഡിനെ നേരിടും. കഴിഞ്ഞ ഒളിംപിക്സിലെ വെങ്കലമെഡല് സുവര്ണ നേട്ടത്തിലെത്തിക്കുകയാണ് പാരിസില് ഹോക്കി സംഘത്തിന്റെ ലക്ഷ്യം.
ബാഡ്മിന്റണ് പുരുഷ സിംഗിള്സില് ലക്ഷ്യ സെന് നാളെ ആദ്യ മത്സരത്തിനിറങ്ങും. ഡബിള്സിലെ മെഡല്പ്രതീക്ഷയായ സ്വാതിക്സായിരാജ് റങ്കിറെഡി-ചിരാഗ് ഷെട്ടി സഖ്യമാണ് കളത്തിലിറങ്ങുന്നത്. വനിതകളുടെ ഷൂട്ടിങ്ങില് മെഡൽ പ്രതീക്ഷയായ മനു ഭകാറും നാളെ മത്സരത്തിനിറങ്ങുന്നുണ്ട്.