ഫുട്ബോള്‍ ലോകകപ്പിന്റെ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, സ്പാനിഷ് പ്രതിരോധ താരം മാര്‍ക് കുക്കുറെയ നടത്തിയ പ്രസ്താവന ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയാകുന്നു. താന്‍ ലോകകപ്പ് കിരീടം നേടുകയാണെങ്കില്‍, തൊട്ടടുത്ത ദിവസം തന്നെ സ്പെയിന് പരിശീലകന് ലൂയിസ് ഡി ലാ ഫ്യൂന്റെയെ വിളിച്ച് താന്‍ ദേശീയ ടീമില്‍ നിന്ന് ബൂട്ട് അഴിച്ചുവെക്കുകയാണെന്ന് അറിയിക്കുമെന്ന് കുക്കുറെല്ല വെളിപ്പെടുത്തി. 'ഞാന്‍ ലോകകപ്പ് ജയിക്കുകയാണെങ്കില്‍, അടുത്ത ദിവസം തന്നെ ഞാന്‍ ലൂയിസിനെ വിളിക്കും, എന്നിട്ട് പറയും ഞാന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയാണെന്ന്,' -താരം പറഞ്ഞു.
അഞ്ച് ദിവസത്തിനുള്ളില്‍ 28 വയസ്സ് തികയുന്ന കുക്കുറെയയ്ക്ക് ഇനിയും കരിയറില്‍ ഒരുപാട് വര്‍ഷങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ, ഈ തീരുമാനം തികച്ചും അപ്രതീക്ഷിതവും ആരാധകരെ ഞെട്ടിക്കുന്നതുമാണ്. എന്നാല്‍ ഒരു കളിക്കാരന് കരിയറില്‍ നേടാന്‍ കഴിയുന്ന ഏറ്റവും വലിയ രണ്ട് നേട്ടങ്ങളായ യൂറോ കപ്പും ലോകകപ്പും സ്വന്തമാക്കുന്നത് തന്നെ കരിയറിലെ ഏറ്റവും വലിയ മഹത്വമായി താന്‍ കരുതുന്നു എന്നാണ് താരം വിശ്വസിക്കുന്നത്. സ്പെയിനും അര്‍ജന്റീനയും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തില്‍ സ്പെയിന് പ്രതിരോധത്തിന്റെ പ്രധാന കരുത്താണ് കുക്കുറെയ.
അതേസമയം, ലോകകപ്പിന്റെ ഫൈനല്‍ ആവേശത്തിലലിയാന്‍ കാത്തിരിക്കുകയാണ് ലോകം. ഇതിഹാസ താരം ലയണല്‍ മെസ്സിയും കൗമാര വിസ്മയം ലമീന്‍ യമാലും തമ്മിലുള്ള ആവേശപ്പോരാട്ടത്തിനാണ് ലോകം കാത്തിരിക്കുന്നത്. സെമിയില്‍ ഫ്രാന്‍സിനെ 2-0 ന് പരാജയപ്പെടുത്തിയാണ് സ്പെയിന് ഫൈനലിലെത്തിയത്. അതേസമയം, ഇംഗ്ലണ്ടിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം 2-1 ന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് അര്‍ജന്റീന ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ രണ്ട് അസിസ്റ്റുകളോടെ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയെ മറികടന്ന് മെസ്സി നിലവില്‍ ഗോള്‍ഡന്‍ ബൂട്ട് പട്ടികയില്‍ ഒന്നാമതാണ്.
content highlights: Marc Cucurella will retire from Spain national team if they win the World Cup