സുൽത്താൻ എത്തുന്നു; ലോകകപ്പ് ടീം പ്രഖ്യാപനം കണ്ട് കണ്ണുനിറഞ്ഞ് നെയ്‌മർ

പരിക്ക് വേട്ടയാടിയിരുന്ന താരത്തിന്റെ ഫിറ്റ്നസാണ് ലോകകപ്പിലേക്കുള്ള താരത്തിന്റെ പ്രവേശനത്തിന് ചോദ്യചിഹ്നമായി മാറിയത്

കഴിഞ്ഞ മെയ് പതിനെട്ടിനായിരുന്നു 2026 ഫിഫ ലോകകപ്പിനായുള്ള ബ്രസീൽ ടീമിനെ പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചത്. അതിന് തൊട്ട് പിന്നാലെ തങ്ങളുടെ സുൽത്താൻ ടീമിൽ ഉണ്ട് എന്നതിന്റെ ആവേശത്തിലാണ് ആരാധകർ. എന്നാൽ, അതിനെല്ലാം അപ്പുറം ടീം പ്രഖ്യാപനം കണ്ടതിന് ശേഷമുള്ള നെയ്മറുടെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്. ലോകമെമ്പാടുമുള്ള ആരാധകരെപ്പോലെ തന്നെ താരവും ഏറെ ആകാംഷയോടെ തന്നെയായിരുന്നു ടീം പ്രഖ്യാപനം വീക്ഷിച്ചത്.

ബ്രസീല്‍ ഫുട്ബോള്‍ ടീം മുഖ്യ പരിശീലകന്‍ കാർലോ ആഞ്ചലോട്ടി 2026 ഫിഫ ലോകകപ്പിനായുള്ള ബ്രസീൽ സ്‌ക്വാഡിനെ പ്രഖ്യാപിക്കുമ്പോള്‍ മൂന്ന് വർഷത്തെ താരത്തിന്റെ നീണ്ട ഇടവേള എടുക്കേണ്ടി വന്നതിന്റെ എല്ലാ സമ്മർദ്ദങ്ങളും നെയ്‌മറിന്‍റെ മുഖത്ത് പ്രകടമായിരുന്നു. അത് വീഡിയോയിലും വ്യക്തം. ടീം പ്രഖ്യാപനം കാണുമ്പോൾ താരത്തിനൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവരുടെ മുഖത്തും അതേ സമ്മർദ്ദം പ്രകടമായിരുന്നു. ഒടുവിൽ ടീം പ്രഖ്യാപനത്തിൽ തന്റെ പേര് കേട്ടപ്പോൾ നെയ്മറിന്റെ കണ്ണ് സന്തോഷം കൊണ്ട് നിറയുന്നതും പൊട്ടിക്കരയുന്നതും പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. ഉറ്റസുഹൃത്ത് റഫീഞ്ഞയോടും അച്ഛനോടും നെയ്‌മര്‍ തന്‍റെ സന്തോഷം പങ്കുവച്ചത് കണ്ണീരണിഞ്ഞുകൊണ്ടായിരുന്നു.

ടീമിൽ ഈ വർഷത്തെ ലോകകപ്പിനായുള്ള ബ്രസീൽ ടീമിൽ ഉണ്ട് എന്നതിന്റെ ആവേശത്തിൽ തന്നെയാണ് ആരാധകരും. 2026 ഫിഫ ലോകകപ്പിൽ താരം ഉണ്ടാകില്ലെന്ന വാർത്തകളും മുൻപ് പുറത്തുവന്നിരുന്നു. പരിക്ക് വേട്ടയാടിയിരുന്ന താരത്തിന്റെ ഫിറ്റ്നസാണ് ലോകകപ്പിലേക്കുള്ള താരത്തിന്റെ പ്രവേശനത്തിന് ചോദ്യചിഹ്നമായി മാറിയത്. ആഞ്ചലോട്ടി പരിശീലകനായതിന് ശേഷം തുടർച്ചയായി താരം അവഗണിക്കപ്പെട്ടതും ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. ബ്രസീലിന്‍റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാണ് 34-കാരനായ നെയ്‌മർ. 128 മത്സരങ്ങളില്‍ നിന്നായി 79 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 2014, 2018, 2022 എന്നി ലോകകപ്പുകളിലെ 13 മത്സരങ്ങളിൽ നിന്നായി എട്ട് ഗോളും സൂപ്പര്‍താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

Content highlight: Neymar tearful reaction to Brazil World Cup call-up

To advertise here,contact us