
മാഞ്ചസ്റ്റര് സിറ്റിയുടെ സൂപ്പര് താരം കെവിന് ഡി ബ്രൂയിന് ഇറ്റാലിയന് ക്ലബ്ബായ നാപ്പോളിയിലേക്ക് കൂടുമാറുമെന്ന് റിപ്പോര്ട്ടുകള്. മൂന്ന് വര്ഷത്തെ കരാറാണ് ബെല്ജിയന് മിഡ്ഫീല്ഡര്ക്ക് വേണ്ടി നാപ്പോളി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് സൂചന. നാപ്പോളിയുടെ പ്രസിഡന്റ് ഔറേലിയോ ഡി ലോറന്റിസ് തന്നെയാണ് നീക്കത്തിനുള്ള സൂചനകള് നല്കിയത്.
ഡി ബ്രൂയിന് ഇതിനകം നേപ്പിള്സില് തിരിച്ചെത്തിയെന്നും അദ്ദേഹവുമായും കുടുംബവുമായും ഉള്ള കൂടിക്കാഴ്ച നന്നായി നടന്നുവെന്നും ലോറന്റിസ് വെളിപ്പെടുത്തി. 'കെവിന് ഡി ബ്രൂയിന് ഇപ്പോള് ഞങ്ങളോടൊപ്പം ചേരുമെന്നും നാപ്പോളിയുടെ കളിക്കാരനാകുമെന്നും ഞാന് കരുതുന്നു', റായ് സ്പോര്ട്ടിന് നല്കിയ അഭിമുഖത്തില് ഡി ലോറന്റിസ് പറഞ്ഞു.
മാഞ്ചസ്റ്റര് സിറ്റിയിലെ പത്ത് വര്ഷത്തെ കരിയറിന് ശേഷമാണ് ഡി ബ്രൂയിന് പുതിയ ക്ലബ്ബിലേക്ക് മാറാന് ഒരുങ്ങുന്നത്. ഈ സീസണ് അവസാനത്തോടെ സിറ്റി വിടുമെന്ന് ഡി ബ്രൂയിന് തന്നെയാണ് അറിയിച്ചത്. ഈ സീസണ് അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി താരം മാറും.
2015 ല് വുള്ഫ്സ്ബര്ഗില് നിന്നാണ് ബെല്ജിയന് താരം സിറ്റിയിലെത്തുന്നത്. അതിനുശേഷം ഇംഗ്ലീഷ് പ്രീമിയര് ലീഗ് തന്നെ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്ഡര്മാരില് ഒരാളായി. നിരവധി പ്രീമിയര് ലീഗ്, എഫ് എ കപ്പ്, ലീഗ് കപ്പ്, ചാംപ്യന്സ് ലീഗ് കിരീടങ്ങള് എന്നിവ നേടിക്കൊടുത്തു. ക്ലബ്ബിനായി 413 മത്സരങ്ങളില് നിന്ന് 106 ഗോളുകള് നേടി. നൂറോളം അസിസ്റ്റുകളും നല്കി.
Content Highlights: Napoli president gives Kevin De Bruyne transfer update