അർഷ്ദീപിനും മലയാളി താരത്തിനും പകരം ഹാർദിക്?; കൂടുമാറ്റം പഞ്ചാബിലേക്ക്!

ഹാര്‍ദിക്കിനെ കൈമാറുന്നത് സംബന്ധിച്ച് പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ട്.

ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക്. ഹാര്‍ദിക്കിനെ കൈമാറുന്നത് സംബന്ധിച്ച് പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ട്.

ഹാർദിക്കിന് പകരമായി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്, മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ് എന്നിവരെ മുംബൈ ഇന്ത്യൻസിന് നൽകാനാണ് ധാരണയായിരിക്കുന്നത്. നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തീയതിയായ നവംബർ 17ന് മുമ്പ് ഇരു ഫ്രാഞ്ചൈസികളും ഇത് സംബന്ധിച്ച കരാറുകളിൽ ഒപ്പുവെക്കും. ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച അവസാനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

2024 സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്നാണ് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയത്. ഗുജറാത്തിനെ 2022-ൽ ചാമ്പ്യന്മാരാക്കിയ റെക്കോര്‍ഡുമായാണ് എത്തിയതെങ്കിലും, മുംബൈ നായകനെന്ന നിലയിൽ തുടർച്ചയായ മൂന്ന് സീസണുകളിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ഹാര്‍ദിക്കിന് സാധിച്ചില്ല.

മറുവശത്ത്, 2025 മെഗാ ലേലത്തിന് മുന്നോടിയായി ഒഴിവാക്കപ്പെട്ട അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് 'റൈറ്റ് ടു മാച്ച്' കാർഡ് വഴിയാണ് പഞ്ചാബ് തിരികെ ടീമിലെത്തിച്ചിരുന്നത്.

content highlights:hardik pandya punjab kings trade rumors arshdeep singh

To advertise here,contact us