ചോദ്യപേപ്പർ ചോർച്ചയ്ക്കും വിദ്യാഭ്യാസ സമ്പ്രദായത്തിനുമെതിരെ ഡൽഹിയിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ഇതിനോടകം തന്നെ പല പ്രമുഖരും തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോൾ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ നിലപാട് പ്രകടമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.
തന്റെ പിതാവ് ഒരു പ്രൊഫസർ ആയിരുന്നെന്നും പരാജയപ്പെടുന്നത് കുഴപ്പമില്ല, എന്നാല് കോപ്പിയടിക്കുന്നത് തെറ്റാണ് എന്നതാണ് ചെറുപ്പത്തിലേ തനിക്ക് പഠിപ്പിച്ച് തന്ന പാടാമെന്നും പറഞ്ഞ തുടങ്ങിയ സച്ചിൻ 'ഈ സമൂഹത്തിലെ മുതിർന്ന വ്യക്തികൾ എന്ന നിലയിൽ സംസ്കാരം രൂപപ്പെടുത്തി എടുക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. വിദ്യാർത്ഥികൾ തങ്ങൾ നടത്തിയ കഠിനാധ്വാനത്തിന് അർഹമായ റിസൾട്ട് ലഭിച്ചില്ല എന്നോർത്ത് നിരാശരാവുകയാണ്. അവർക്ക് ഇനി ഒരിക്കലും ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം', എന്നും പോസ്റ്റിൽ കുറിച്ചു. കഠിനാധ്വാനം അംഗീകരിക്കപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
ഡൽഹിയിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുമായി വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിൽ നേരത്തെ ശിഖർ ധവാനും പ്രതികരണം നടത്തിയിരുന്നു. ഈ യുവതലമുറയാണ് നമ്മുടെ രാജ്യത്തിന്റെ ഭാവിയാണെന്നും അവരുടെ സ്വപ്നങ്ങളെ മനസിലാക്കേണ്ടത് അനിവാര്യമാണെന്നും ആയിരുന്നു ധവാന്റെ പ്രതികരണം. ഒപ്പം നമ്മൾ രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണം എന്നും താരം കൂട്ടിച്ചേർത്തു.
Content highlight: Sachin Tendulkar statement student protest hard work meritocracy