ടി20 വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

ഇന്ത്യയുടെ ജയം 64 റണ്‍സിന്; ദീപ്തി ശര്‍മയ്ക്ക് അഞ്ചുവിക്കറ്റ്

ബാറ്റിങ്ങില്‍ സ്മൃതി മന്ഥാനയും ബൗളിങ്ങില്‍ ദീപ്തി ശര്‍മയും മികവ് കാണിച്ചപ്പോള്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ഉജ്വല വിജയം. പാകിസ്താനെ 64 റണ്‍സിന് തോല്‍പ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 106 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് പാകിസ്താന്റെ മുനയൊടിച്ചത്. ശ്രീ ചരണി മൂന്നും ഷഫാലി വര്‍മ ഒരുവിക്കറ്റും വീഴ്ത്തി. പാകിസ്താനുവേണ്ടി മുനീബ അലി 41 റണ്‍സെടുത്തു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കുവേണ്ടി സ്മൃതി മന്ഥാന അര്‍ധ സെഞ്ചുറി (68) നേടി. സിക്‌സറോടെ മത്സരത്തിന് തിരികൊളുത്തിയെങ്കിലും അധികനേരം ക്രീസില്‍ നില്‍ക്കാനാകാതെ ഷഫാലി വര്‍മ മടങ്ങിയെങ്കിലും ദൗത്യം സ്മൃതി മന്ഥാന ഏറ്റെടുത്തു. 44 പന്തില്‍ രണ്ടുസിക്‌സും ഒമ്പത് ഫോറും അടങ്ങിയ ഇന്നിങ്‌സിലാണ് സ്മൃതി 68 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സെടുത്തതും സ്‌കോര്‍ ഉയര്‍ത്തി. റിച്ച ഘോഷും (34) പൊരുതി.

ദീപ്തി ശര്‍മ (12), ഷഫാലി വര്‍മ (6), ജെമിമ റോഡ്രിഗസ് (ഒന്ന്), ഭാരതി ഫുല്‍മാലി (ഒന്ന്), ശ്രേയങ്ക പാട്ടീല്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. പാകിസ്താനുവേണ്ടി സാദിയ ഇഖ്ബാലും ഫാത്തിമ സനയും രണ്ടുവിക്കറ്റ് വീഴ്ത്തി. തസ്മിയ റുബാബും റമീന്‍ ഷമീമും ഓരോ വിക്കറ്റെടുത്തു.

content highlights: India crushes Pakistan in the Women's T20 Cricket World Cup

To advertise here,contact us