അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത്. തന്റെ സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് 32-കാരൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി ഇതുവരെ ഏഴ് ടെസ്റ്റ് മത്സരങ്ങളിലാണ് ആന്ധ്രാ സ്വദേശിയായ ഭരത് കളത്തിലിറങ്ങിയിട്ടുള്ളത്. 2023-ൽ നടന്ന ബോർഡർ - ഗാവസ്കർ ട്രോഫിയിലായിരുന്നു ഭാരത് ഇന്ത്യയുടെ ആ വെള്ളകുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചത്. ഓസ്ട്രേലിയക്കെതിരെ നാഗ്പൂരിലായിരുന്നു മത്സരം നടന്നത്. 2024 ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്.
'വളരെ അഭിമാനത്തോടും അതിലേറെ കൃതജ്ഞതയോടും കൂടെയാണ് ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ ഇപ്പോൾ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഞാൻ കാണുന്നു. ഏറെ കഠിനാധ്വാനവും മാനസിക കരുത്തും ആവശ്യമായിരുന്നു ഒരു യാത്രയായിരുന്നു ഇത്. എങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കാൻ കഴിഞ്ഞത് ആ കഷ്ടപ്പാടുകൾക്കെല്ലാമുള്ള പ്രതിഫലമായിരുന്നു', ഭരത് തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇത്രെയും നാൾ തന്റെ സ്വപ്നത്തിനായി തനിക്കൊപ്പം സഞ്ചരിച്ച കുടുംബാംഗങ്ങൾക്കും ഭരത് നന്ദി പറഞ്ഞു. തന്റെ കരിയർ ഈ രീതിയിൽ രൂപപ്പെടുത്തിയതിൽ ബിസിസിഐ, ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ, കോച്ചുമാർ, സഹതാരങ്ങൾ, ഗ്രൗണ്ട് സ്റ്റാഫുകൾ എന്നിവർക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഒപ്പം ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനായി അരങ്ങേറാൻ അവസരം നൽകുകയും തന്റെ കഴിവ് തെളിയിക്കാൻ കൂടെനിൽക്കുകയും ചെയ്ത വിരാട് കോഹ്ലിക്കും ഭരത് പ്രത്യേകം നന്ദി അറിയിച്ചു.
Content highlight: Indian wicket keeper KS Bharat announces retirement at the age of 32